ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (TVK) ചരിത്രപരമായ മുന്നേറ്റം തുടരുമ്പോള്‍, ഈ സന്തോഷം പങ്കിടാന്‍ നടി തൃഷ വിജയ്‌യുടെ വസതിയിലെത്തി. തമിഴ്നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന മെയ് 4 തിങ്കളാഴ്ച തൃഷയുടെ 43-ാം ജന്മദിനം കൂടിയായിരുന്നു. രാവിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് താരം പനയൂരിലെ വിജയ്‌യുടെ വസതിയിലെത്തിയത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് തൃഷ.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തൃഷയും വിജയ്‌യുമായുള്ള സൗഹൃദം എതിര്‍ പാര്‍ട്ടികള്‍ വലിയ രീതിയില്‍ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വ്യാജ പ്രചാരണങ്ങളിലും തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടു. എന്നാല്‍ ഇത്തരം വിവാദങ്ങളെയും വിമര്‍ശനങ്ങളെയും അവഗണിച്ചുകൊണ്ടാണ് വിജയ്‌യുടെ രാഷ്ട്രീയ വിജയത്തില്‍ താരം നേരിട്ടെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചത്. ജന്മദിനത്തില്‍ വിജയ്‌യുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനാണ് താന്‍ തിരുപ്പതിയില്‍ പോയതെന്ന തരത്തിലുള്ള ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമാണ്.

അതേസമയം, തമിഴ്നാട്ടിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡിഎംകെയെയും എഐഎഡിഎംകെയെയും പിന്നിലാക്കി ടിവികെ വന്‍ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 104 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നതോടെ ചെന്നൈ പനയൂരിലെ വിജയ്‌യുടെ വസതിക്ക് മുന്നില്‍ ആഘോഷം അണപൊട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ പിന്നിലായതും വിജയ്‌യുടെ ഇരട്ട മണ്ഡലങ്ങളിലെ മുന്നേറ്റവും തമിഴ് രാഷ്ട്രീയത്തില്‍ പുതിയൊരു അധികാര കൈമാറ്റത്തിന്റെ സൂചനകളാണ് നല്‍കുന്നത്.
