ടൊറന്റോ: മകളുടെ മരണത്തെത്തുടർന്ന് യാത്ര റദ്ദാക്കേണ്ടി വന്ന അമ്മയ്ക്ക് റീഫണ്ട് നൽകാൻ വിസമ്മതിച്ച എയർ കാനഡയുടെ നടപടി വിവാദമാകുന്നു. മാസങ്ങളോളം നീണ്ട നിയമപോരാട്ടത്തിനും മാധ്യമ ഇടപെടലിനും ഒടുവിലാണ് എയർ കാനഡ തുക മടക്കി നൽകാൻ തയ്യാറായത്. നോവസ്കോഷ സ്വദേശിനിയായ ബെക്കി കേബിൾ-മൺറോയ്ക്കാണ് ഈ ദുരനുഭവത്തിലൂടെ കടന്നുപോകേണ്ടി വന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു ബോട്ടപകടത്തിലാണ് ബെക്കിയുടെ പത്തുവയസ്സുകാരിയായ മകൾ ലൂസി മരിച്ചത്. മകളുടെ ഇഷ്ട ഗായിക സബ്രീന കാർപെന്ററുടെ സംഗീത പരിപാടി കാണുന്നതിനായി നവംബറിൽ ടൊറന്റോയിലേക്ക് പോകാൻ ബെക്കി നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. മകൾക്ക് നൽകാൻ വെച്ചിരുന്ന ഒരു സർപ്രൈസ് സമ്മാനമായിരുന്നു ഈ യാത്ര.

മകളുടെ മരണശേഷം യാത്ര റദ്ദാക്കിയ ബെക്കി, എയർലൈനിന്റെ മരണാനന്തര പോളിസി (Bereavement Policy) പ്രകാരം ടിക്കറ്റ് തുക തിരികെ ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മകളുടെ ടിക്കറ്റ് തുകയുടെ ഒരു ഭാഗം മാത്രം നൽകിയ കമ്പനി, ബെക്കിയുടെ ടിക്കറ്റ് തുക നൽകാൻ തയ്യാറായില്ല. ഇതിനായി നിരവധി തവണ കമ്പനിയുമായി ബന്ധപ്പെ ട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഓൺലൈനായി പരിശോധിച്ചപ്പോൾ പരാതി പരിഹരിച്ചു എന്നാണ് കാണിച്ചിരുന്നത്. ഒടുവിൽ സിബിസി ‘ഗോ പബ്ലിക്’ ഈ വിഷയം ഏറ്റെടുത്തതോടെയാണ് എയർ കാനഡ നിലപാട് തിരുത്തിയത്.

ബുക്കിംഗ് ഏജൻസിയായ എക്സ്പീഡിയ വഴിയുള്ള സാങ്കേതിക തടസ്സങ്ങളും പ്രോസസ്സിംഗ് പിശകുകളുമാണ് കാലതാമസത്തിന് കാരണമായതെന്നാണ് എയർലൈനിന്റെ ഇപ്പോഴത്തെ വിശദീകരണം. തൻ്റെ പോരാട്ടം ഒരിക്കലും പണത്തിനു വേണ്ടിയായിരുന്നില്ലെന്നും മോശം അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഉപഭോക്താക്കളോട് ഒരു കമ്പനി എങ്ങനെ പെരുമാറുന്നു എന്നതായിരുന്നു പ്രധാനമെന്ന് ബെക്കി കേബിൾ-മൺറോ പറഞ്ഞു. കടുത്ത വിമർശനം സംഭവത്തിൽ എയർ കാനഡയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള ഒരു കമ്പനി ഒരു മരണാനന്തര റീഫണ്ട് നൽകാൻ മാസങ്ങൾ എടുത്തു എന്നത് അവിശ്വസനീയമാണെന്ന് ഉപഭോക്തൃ സംരക്ഷണ വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിൽ ബെക്കിക്ക് മുഴുവൻ തുകയും തിരികെ നൽകിയ കമ്പനി സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
