എഡ്മിന്റൻ: ആൽബർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്തുന്നതിനായുള്ള ഹിതപരിശോധന ആവശ്യപ്പെട്ടുകൊണ്ട് വിഘടനവാദി ഗ്രൂപ്പുകൾ ശേഖരിച്ച ആയിരക്കണക്കിന് ഒപ്പുകൾ ഇന്ന് എഡ്മിന്റനിലെ ഇലക്ഷൻ ആൽബർട്ട ഓഫീസിൽ സമർപ്പിക്കും. ‘സ്റ്റേ ഫ്രീ അൽബർട്ട’ എന്ന സംഘടനയുടെ നേതാവ് മിച്ച് സിൽവെസ്റ്ററുടെ നേതൃത്വത്തിലാണ് ഈ നടപടി. ജനുവരിയിൽ ആരംഭിച്ച ഈ ക്യാമ്പയിനിലൂടെ ഹിതപരിശോധനയ്ക്ക് ആവശ്യമായ 1,78,000 ഒപ്പുകളേക്കാൾ കൂടുതൽ ഇതിനോടകം തന്നെ ശേഖരിച്ചതായി സിൽവെസ്റ്റർ അറിയിച്ചു.
ഒപ്പുകൾ കൃത്യമാണെന്ന് പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാൽ, ഈ വർഷം ഒക്ടോബറിൽ തന്നെ പ്രവിശ്യയൊട്ടാകെ ഇതിനായുള്ള വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യത്തിന് ആളുകളുടെ പിന്തുണയുണ്ടെങ്കിൽ ഹിതപരിശോധനയുമായി മുന്നോട്ട് പോകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. ആൽബർട്ടയുടെ രാഷ്ട്രീയ ഭാവിയിൽ നിർണ്ണായകമായേക്കാവുന്ന ഒരു നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

എന്നാൽ, ഈ നീക്കത്തിന് നിയമപരമായ തടസ്സങ്ങളും നേരിടുന്നുണ്ട്. ഈ ഹർജി തങ്ങളുടെ ഉടമ്പടി അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആൽബർട്ടയിലെ ഫസ്റ്റ് നേഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിന്മേൽ എഡ്മിന്റൻ കോടതിയുടെ വിധി ഈ ആഴ്ച പുറത്തുവരാനിരിക്കെ, ഹിതപരിശോധന നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
