ഹ്യൂസ്റ്റണ്‍: മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഹ്യൂസ്റ്റണിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരുന്ന ‘ഹ്യൂസ്റ്റണ്‍ പൂരം’ ആഘോഷങ്ങള്‍ മാറ്റിവെച്ചു. തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ (TAGH) സംഘടിപ്പിക്കുന്ന ഈ വര്‍ണ്ണാഭമായ പരിപാടി മെയ് 9-ന് പകരം മെയ് 16 ശനിയാഴ്ച നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഹ്യൂസ്റ്റണില്‍ മെയ് 9-ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഭാരവാഹികള്‍ ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.
തീയതി മാറ്റം മൂലം സ്‌പോണ്‍സര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന അസൗകര്യത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ധനിഷാ സാം, ജോണ്‍ ആന്റണി കാട്ടൂക്കാരന്‍, ജിനോ ജോണ്‍സ് പള്ളത്തു, മാത്യു എബ്രഹാം എന്നിവര്‍ വാര്‍ത്താകുറിപ്പിലൂടെ ഖേദം പ്രകടിപ്പിച്ചു. പരിപാടി ഒരാഴ്ചത്തേക്ക് നീട്ടിയതോടെ കൂടുതല്‍ വിപുലമായ രീതിയില്‍ പൂരം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് അസോസിയേഷന്‍. ചെണ്ടമേളം, മെഗാ തിരുവാതിര, കവാടി, മസാല കോഫി ബാന്‍ഡിന്റെ സംഗീത വിരുന്ന് തുടങ്ങി നിരവധി കലാപരിപാടികളാണ് ഹ്യൂസ്റ്റണ്‍ പൂരത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

പുതുക്കിയ തീയതിയിലും പൂര്‍ണ്ണ ആവേശത്തോടെ എല്ലാ മലയാളി കുടുംബങ്ങളും ഹ്യൂസ്റ്റണ്‍ പൂരത്തിലേക്ക് എത്തണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ആര്‍ക്കോളയിലെ ലാസണ്‍ റോഡിലുള്ള വേദിയായ കേരള കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് മെയ് 16-ന് ആഘോഷങ്ങള്‍ നടക്കും.
