Wednesday, May 6, 2026

ഉന്നതവിദ്യാഭ്യാസത്തിൽ മുന്നിലെത്തി കാനഡ; ആദ്യ അഞ്ചിൽ തിളങ്ങുന്ന നേട്ടം

ഓട്ടവ: ലോകത്തെ ഉന്നതവിദ്യാഭ്യാസ-ഗവേഷണ മേഖലകളിൽ നേട്ടങ്ങൾ സ്വന്തമാക്കിയ കാനഡയ്‌ക്ക്‌ ആഗോള റാങ്കിംഗിൽ തിളക്കം. വിദ്യാഭ്യാസ മേഖലയിലെ വിവരശേഖരണത്തിൽ പ്രമുഖരായ ‘മെഷേഴ്‌സ് എച്ച്.ഇ’ (MeasuresHE) പുറത്തുവിട്ട 2026-ലെ ആഗോള സൂചികയിലാണ് 100 രാജ്യങ്ങളുടെ പട്ടികയിൽ കാനഡ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത്. 87.8 സ്കോർ നേടിയാണ് കാനഡ ഈ നേട്ടം കൈവരിച്ചത്. ഗവേഷണ മികവ്, അക്കാദമിക് സുതാര്യത തുടങ്ങിയ കാര്യങ്ങളിൽ യു.എസിനെ പിന്നിലാക്കിയാണ്‌ നേട്ടം. യു.കെ, നെതർലൻഡ്‌സ്, യു.എസ്, സ്വീഡൻ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. കാനഡയിലെ സർവ്വകലാശാലകൾ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ‘അക്കാദമിക് ഇൻ്റഗ്രിറ്റി’ (Academic Integrity), ‘ഗ്ലോബൽ സ്റ്റാൻഡിംഗ്’ എന്നീ വിഭാഗങ്ങളിലാണ്. അക്കാദമിക് സുതാര്യതയിൽ 100-ൽ 100 മാർക്കും കാനഡ സ്വന്തമാക്കി. ടൊറൻ്റോ സർവ്വകലാശാല, മക്ഗിൽ സർവ്വകലാശാല എന്നിവയാണ് കാനഡയുടെ റാങ്കിംഗ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഗവേഷണങ്ങളുടെ എണ്ണം, അംഗീകാരം, വിവരങ്ങളുടെ സുതാര്യത എന്നിവ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിർണ്ണയിച്ചിരിക്കുന്നത്. എങ്കിലും ഗവേഷണഫലങ്ങൾ പ്രായോഗിക തലത്തിൽ നടപ്പിലാക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങളിലും കാനഡയ്ക്ക് കൂടുതൽ മെച്ചപ്പെടാനുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യു.എസിലെ മാറിയ രാഷ്‌‌‌ട‌്രീയ കാലാവസ്ഥയും സമ്മർദ്ദങ്ങളും സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും കാരണം നിരവധി പ്രമുഖ ഗവേഷകർ കാനഡയിലേക്ക് മാറാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത് കാനഡയ്‌ക്ക്‌ നേട്ടമാണ്‌. ശമ്പളം യു.എസിനേക്കാൾ കുറവാണെങ്കിലും കാനഡ വാഗ്ദാനം ചെയ്യുന്ന സ്വാതന്ത്ര്യമാണ് തങ്ങളെ ആകർഷിക്കുന്നതെന്നാണ്‌ ഗവേഷകർ വ്യക്തമാക്കുന്നത്‌. വിദേശ ഗവേഷകർക്ക് മികച്ച ഫണ്ടിംഗും സ്കോളർഷിപ്പുകളും പങ്കാളിത്തവും നൽകുന്നതിലൂടെ ആഗോള വിജ്ഞാന കേന്ദ്രമായി മാറാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!