വിനിപെഗ്: മാനിറ്റോബയിൽ എച്ച്.ഐ.വി (HIV) ബാധിതരുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രവിശ്യയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചീഫ് പ്രൊവിൻഷ്യൽ പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. ബ്രെന്റ് റൂസിൻ വ്യാഴാഴ്ച രാവിലെ വാർത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം നടത്തിയത്. നിലവിൽ കാനഡയിലെ തന്നെ ഏറ്റവും ഉയർന്ന എച്ച്.ഐ.വി നിരക്കാണ് മാനിറ്റോബയിലുള്ളതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കണക്കുകൾ പ്രകാരം, 2024-ൽ മാനിറ്റോബയിലെ എച്ച്.ഐ.വി വ്യാപന നിരക്ക് ഓരോ ലക്ഷം പേരിലും 19.5 കേസുകൾ എന്ന നിലയിലാണ്. ഇത് ദേശീയ ശരാശരിയായ 5.5-നേക്കാൾ ഏകദേശം മൂന്നര ഇരട്ടി കൂടുതലാണ്. 2021-ൽ 142 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം 328 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലഹരിമരുന്നുകളുടെ കുത്തിവെപ്പിലൂടെയുള്ള ഉപയോഗം, ഭവനരഹിതരുടെ എണ്ണം കൂടുന്നത്, മാനസികാരോഗ്യ പ്രശ്നങ്ങൾ, മറ്റ് ലൈംഗികരോഗങ്ങളുടെ വർദ്ധനവ് എന്നിവയാണ് എച്ച്.ഐ.വി വ്യാപനത്തിന് പ്രധാന കാരണങ്ങളായി ഡോ. റൂസിൻ ചൂണ്ടിക്കാട്ടുന്നത്.

പ്രവിശ്യയിലെ നോർത്തേൺ, പ്രെയറി മൗണ്ടൻ ഹെൽത്ത് റീജിനലുകളിലാണ് ഉയർന്ന വ്യാപന നിരക്കുള്ളതെങ്കിലും എണ്ണത്തിൽ കൂടുതൽ കേസുകൾ വിനിപെഗിലാണ്. ഇൻഡിജിനസ് കമ്മ്യൂണിറ്റിയിലെ ആളുകളെയാണ് ഈ പ്രതിസന്ധി കൂടുതലായി ബാധിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ എച്ച്.ഐ.വി പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മാനിറ്റോബ 8 മില്യൺ ഡോളർ ചിലവഴിച്ചതായും, രോഗം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ കമ്മ്യൂണിറ്റി സംഘടനകളുമായും ഫെഡറൽ പങ്കാളികളുമായും ചേർന്ന് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
