ടൊറന്റോ: ഹാന്റവൈറസ് ബാധയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വിനോദസഞ്ചാര കപ്പലിലെ കനേഡിയന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കാനഡ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു. കനേഡിയന്‍ കോണ്‍സുലര്‍ ഉദ്യോഗസ്ഥര്‍ കാനറി ദ്വീപുകളിലേക്ക് തിരിച്ചു. ‘എംവി ഹോണ്ടിയസ്’ എന്ന കപ്പലിലുള്ള നാല് കനേഡിയന്‍ പൗരന്മാരെ നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് ലക്ഷ്യം.
സ്‌പെയിനിലെ ഗ്രനഡില്ല, ടെനറിഫെ തുറമുഖത്ത് ഈ വാരാന്ത്യം കപ്പല്‍ അടുപ്പിക്കാനാണ് നിലവിലെ തീരുമാനം. രോഗലക്ഷണങ്ങളില്ലാത്ത നൂറ്റിനാല്‍പ്പതോളം യാത്രക്കാരെയും ജീവനക്കാരെയും സ്വീകരിക്കാന്‍ സ്പാനിഷ് അധികൃതര്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കപ്പലുമായി ബന്ധമുള്ള മൂന്ന് പേര്‍ നിലവില്‍ കാനഡയിലെ ഒന്റാരിയോ, കെബെക്ക് എന്നിവിടങ്ങളില്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവര്‍ക്ക് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.

എലികളിലൂടെ പകരുന്ന ‘ആന്‍ഡീസ് വൈറസ്’ (Andes virus) ആണ് കപ്പലില്‍ പടര്‍ന്നതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. വരും ആഴ്ചകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെങ്കിലും, ഹാന്റവൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍ പകരില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇതൊരു വലിയ പകര്‍ച്ചവ്യാധിയായി മാറാന്‍ സാധ്യതയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. നിലവില്‍ നിരീക്ഷണത്തിലുള്ള കനേഡിയന്‍ പൗരന്മാരുടെ ആരോഗ്യനില സംബന്ധിച്ച് പൊതുജനാരോഗ്യ വകുപ്പ് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തും.
