ബ്രിട്ടിഷ് കൊളംബിയ: ഷുസ്വാപ്പിലെ സ്‌കോച്ച് ക്രീക്ക് മേഖലയില്‍ ഏകദേശം 20,000 ലിറ്റര്‍ ഡീസല്‍ ഒഴുകിപ്പരന്നതിനെത്തുടര്‍ന്ന് ഇന്റീരിയര്‍ ഹെല്‍ത്ത് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെ പ്രാദേശിക ഗ്യാസ് സ്റ്റേഷനിലാണ് ചോര്‍ച്ച ഉണ്ടായത്. ഇത്തുടര്‍ന്ന് കുടിവെളള സ്രോതസ്സുകള്‍ മലിനമാകാന്‍ സാധ്യതയുളളതിനാല്‍ ജലസ്രോതസ്സുകള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. സ്‌ക്വിലാക്‌സ്-ആംഗ്ലെമോണ്ട് റോഡിലെ കോ-ഓപ്പ് കാര്‍ഡ്ലോക്കിലാണ് ചോര്‍ച്ചയുണ്ടായതെന്ന് കൊളംബിയ-ഷുസ്വാപ്പ് റീജിയണല്‍ ഡിസ്ട്രിക്റ്റ് ഡയറക്ടര്‍ ജെ സിംപ്സണ്‍ സ്ഥിരീകരിച്ചു.
ഇന്ധനം ഭൂഗര്‍ഭ ജലസ്രോതസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധ്യതയുണ്ടെന്ന് ഇന്റീരിയര്‍ ഹെല്‍ത്ത് എന്‍വയോണ്‍മെന്റല്‍ ഡയറക്ടര്‍ ഐവര്‍ നോര്‍ലിന്‍ പറഞ്ഞു. ഇന്ധനം എത്ര വേഗത്തില്‍ വ്യാപിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കാത്തതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബട്ടേഴ്‌സ് റോഡ്, സരടോഗ റോഡ്, കെന്‍വുഡ് ഗേറ്റ് എന്നിവിടങ്ങളിലെ താമസക്കാരെയാണ് ഈ സാഹചര്യം നേരിട്ട് ബാധിക്കുക.

വെള്ളത്തിന് ഇന്ധനത്തിന്റെ മണമോ അല്ലെങ്കില്‍ എണ്ണമയമോ ശ്രദ്ധയില്‍പ്പെട്ടാല്‍ കുടിക്കാനോ പാചകം ചെയ്യാനോ കുളിക്കാനോ ആ വെള്ളം ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. പകരം മറ്റ് ജലസ്രോതസ്സുകളെ ആശ്രയിക്കണം. നിലവില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിസ്ഥിതി-പാര്‍ക്ക് മന്ത്രാലയവുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും, ഇന്ധന വ്യാപനം മാപ്പ് ചെയ്യുന്നതിനായി കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചിട്ടുണ്ടെന്നും ഇന്റീരിയര്‍ ഹെല്‍ത്ത് വ്യക്തമാക്കി.
