വൻകൂവർ: പ്രിൻസ് ജോർജിൽ തോളെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ മലയാളി യുവതി ഉറക്കത്തിനിടെ മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവെന്ന് കുടുംബം. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവതിയെ ഡിസ്‌ചാർജ് ചെയ്തിരുന്നു. ഇത് വേണ്ടത്ര പരിചരണം കിട്ടാതെ മരണത്തിനിടയാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. തോളെല്ല് സ്ഥാനം തെറ്റിയതിനെ തുടർന്നാണ് നമിതയ്‌ക്ക് ശസ്‌ത്രക്രിയ നടത്തിയത്. പേസ്‌മേക്കർ ഉപയോഗിച്ചിരുന്ന നമിതയ്‌ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചിട്ടും ശസ്‌ത്രക്രിയ കഴിഞ്ഞ് വെറും ആറുമണിക്കൂറിനുള്ളിൽ തന്നെ ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു.

ഗുരുതരമായ ആരോഗ്യാവസ്ഥയിലുള്ള യുവതിയെ മതിയായ നിരീക്ഷണമില്ലാതെ ഡിസ്‌ചാർജ് ചെയ്തതാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ നമിത ഉറക്കത്തിനിടെയാണ് മരണപ്പെട്ടത്. വേണ്ടത്ര നിരീക്ഷണം നമിതയ്ക്ക് ലഭിച്ചോ എന്ന കാര്യത്തിൽ കുടുംബം ഇപ്പോൾ വലിയ ആശങ്കയിലാണ്. നമിതയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് പ്രിൻസ് ജോർജിലെ മലയാളി സമൂഹം. ഭർത്താവ് ജിതിൻ തോമസും അഞ്ച് വയസ്സുകാരി മകൾ നതാനിയയും അടങ്ങുന്നതാണ് നമിതയുടെ കുടുംബം. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് ബന്ധുക്കൾ.
