Saturday, May 9, 2026

കാനഡ ഇമിഗ്രേഷൻ നിയമങ്ങളിൽ വൻമാറ്റങ്ങൾ; തട്ടിപ്പിനിരയാകുന്ന വർക്ക് നഷ്ടപരിഹാരം, കർശന നിയന്ത്രണം ജൂലൈ 15 മുതൽ

ഓട്ടവ: കാനഡയിലേക്ക് ചേക്കാറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ താമസിക്കുന്നവർക്കും സുരക്ഷ ഒരുക്കുന്നതിനായി ഇമിഗ്രേഷൻ കൺസൾട്ടന്റുമാരുടെ നിയന്ത്രണ ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ നിർണ്ണായക ഭേദഗതി വരുത്തുന്നു. കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്‌സിന്റെ (CICC) പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പുതിയ നിയമങ്ങൾ വരുന്നതോ‌ടെയാണിത്‌. കൺസൾട്ടന്റുമാരുടെ മേൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരം നൽകുന്നതാണ് പുതിയ നിയമം. നിയമലംഘനം നടത്തുന്ന കൺസൾട്ടന്റുമാർക്കെതിരെ കടുത്ത പിഴ ചുമത്താനും സി.ഐ.സി.സി ബോർഡിന്റെ തീരുമാനങ്ങളിൽ നേരിട്ട് ഇടപെടാനും ഫെഡറൽ സർക്കാരിന് ഇനി സാധിക്കും. ജൂലൈ 15 മുതലാണ്‌ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതെന്ന്‌ അറിയിച്ചു. പുതിയ പരിഷ്‌കാരങ്ങളിൽ ഏറ്റവും ശ്രദ്ധേയം ഇമിഗ്രേഷൻ കൺസൾട്ടന്റുമാർ ചതിക്കുന്നവർക്കായി ഒരുക്കുന്ന കോംപൻസേഷൻ ഫണ്ടാണ്‌. കൺസൾട്ടന്റുമാർ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾ, ഫണ്ട് ദുരുപയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയവ മൂലം നഷ്ടമുണ്ടാകുന്ന ഇരകൾക്ക് ഈ നിധിയിൽ നിന്ന് സഹായം ലഭിക്കും. 2021 നവംബർ 23-ന് ശേഷമുണ്ടായ തട്ടിപ്പുകൾക്ക് ഇരയായവർക്ക് കോംപൻസേഷനായി അപേക്ഷിക്കാം. അപേക്ഷകളിലുള്ള സി.ഐ.സി.സി അച്ചടക്ക സമിതിയുടെ അന്തിമ തീരുമാനം 2026 ജൂലൈ 15-നോ അതിനു ശേഷമോ ആവും ലഭിക്കുന്നത്‌.

കാനഡയിലെ നിയമമനുസരിച്ച്, അംഗീകൃത ലോ സൊസൈറ്റികളിലോ സി.ഐ.സി.സിയിലോ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രതിഫലം വാങ്ങി ഇമിഗ്രേഷൻ സേവനങ്ങൾ നൽകാവൂ. ഈ വ്യവസ്ഥ കർശനമായി നടപ്പിലാക്കുന്നതിലൂടെ വ്യാജ ഏജന്റുമാരെ പൂർണ്ണമായും ഒഴിവാക്കും. കൂടാതെ, കൺസൾട്ടന്റുമാരുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പബ്ലിക് രജിസ്റ്റർ കൂടുതൽ വിപുലീകരിക്കും. രജിസ്റ്റർ ചെയ്ത കൺസൾട്ടന്റുമാരുടെ നിലവിലെ പദവി, അവർക്കെതിരെ മുമ്പ് സ്വീകരിച്ചിട്ടുള്ള അച്ചടക്ക നടപടികൾ തുടങ്ങിയ വിവരങ്ങൾ വായനക്കാർക്ക് ഇതിലൂടെ പരിശോധിക്കാം.നഷ്ടപരിഹാരത്തിനുള്ള അപേക്ഷാ രീതിയും മറ്റ് നടപടിക്രമങ്ങളും ജൂലൈ മാസത്തോടെ സി.ഐ.സി.സി ഔദ്യോഗികമായി പുറത്തുവിടും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!