ചെന്നൈ: കോൺഗ്രസിനെതിരേ രൂക്ഷവിമർശനവും വൈകാരിക കുറിപ്പുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ച ശേഷം കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും വന്നില്ലെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. അതേസമയം കമ്മ്യൂണിസ്റ്റുകാർ അവരുടെ വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിച്ചുവെന്നും സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. നിർണായക ഘട്ടത്തിൽ തങ്ങളോടൊപ്പം ഉറച്ച് നിന്ന ലീഗടക്കമുള്ളവരോടും സ്റ്റാലിൻ നന്ദി പറഞ്ഞു. തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെയാണ് സ്റ്റാലിൻ്റെ കുറിപ്പ്. നിലവിലെ പ്രതിസന്ധി ഒഴിവാക്കാൻ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ഡിഎംകെ മുന്നണിയിൽ നയപരമായ അടിസ്ഥാനത്തിൽ തുടരുമെന്ന് അറിയിച്ച പാർട്ടികളെ സ്വാഗതം ചെയ്യുന്നതായും സ്റ്റാലിൻ വ്യക്തമാക്കി. ‘സഖ്യത്തിൽ ഒപ്പം നിന്ന് മത്സരിച്ച് ജയിച്ച് കോൺഗ്രസ് എംഎൽഎമാർ നന്ദി പറയാൻ പോലും വന്നില്ല. അന്നേ ദിവസം തന്നെ അവർ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും മുന്നോട്ടു പോകുകയും ചെയ്തു. അതേസമയം, കമ്മ്യൂണിസ്റ്റ് നേതാക്കൾ സഖാവ്, ഷൺമുഖം, സഖാവ് വീരപാണ്ഡ്യൻ എന്നിവർ ഡിഎംകെയ്ക്കൊപ്പം നിൽക്കുമെന്നും ഒന്നിച്ച് നിന്ന് തമിഴ്നാടിനും ജനക്ഷേമത്തിന് വേണ്ടിയും പോരാടുമെന്ന് അറിയിച്ചു. ഡിഎംകെയോടുള്ള വിശ്വാസവും സൗഹൃദബോധവും പ്രകടിപ്പിക്കുകയായിരുന്നു ഇതിലൂടെ അവർ ചെയ്തത്’- സ്റ്റാലിൻ കുറിച്ചു. നിർണായകഘട്ടത്തിൽ കൂടെ നിന്ന എല്ലാ സഖ്യകക്ഷികൾക്കും നന്ദി അറിയിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

‘എത്ര നന്ദി പറഞ്ഞാലും പ്രശംസിച്ചാലും മതിയാകില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തമിഴ്നാടിനെ എല്ലാ മേഖലയിലും ഞങ്ങൾ വികസിപ്പിക്കുകയും സംസ്ഥാനത്തെ സമ്പന്നമാക്കുകയും ചെയ്തു. നിരവധി പദ്ധതികളിലൂടെ ഓരോ വ്യക്തിക്കും പ്രയോജനം ലഭിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പുതിയ സർക്കാർ ഈ പദ്ധതികൾ തുടർന്നുകൊണ്ടുപോകണമെന്നാണ് ആഗ്രഹം’ അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഡിഎകെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന് സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഗണ്യമായ വോട്ടുകൾ നേടാൻ സാധിച്ചു. പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ഞങ്ങൾ തടസ്സപ്പെടുത്തില്ലെന്നും ക്രിയാത്മക പ്രതിപക്ഷ പാർട്ടിയായി ഡിഎംകെ തുടരുമെന്നും നേരത്തെ തന്നെ അറിയിച്ചിരുന്നു. സർക്കാർ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ആരും നേടാത്ത സാഹചര്യത്തിൽ പലരും ബദൽ ആശയങ്ങൾ സഖ്യത്തിനുള്ളിൽ പങ്കുവെച്ചിരുന്നു. സഖ്യകക്ഷികൾ എന്ത് തീരുമാനമെടുത്താലും അവരുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും സ്ഥിരമുള്ള ഒരു സർക്കാർ രൂപീകരണം ഉറപ്പുവരുത്തണമെന്നും മറ്റൊരു തിരഞ്ഞെടുപ്പിന് വഴിയൊരുക്കരുതെന്നും ഞാൻ വിശ്വസിച്ചു. നിലവിലെ പ്രതിസന്ധി ഒഴിവാക്കാൻ സഖ്യകക്ഷികൾ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു’- സ്റ്റാലിൻ കുറിച്ചു.
