Sunday, May 10, 2026

ഹാൻ്റാവൈറസ് ഭീതി; ടെനറൈഫിൽ കുടുങ്ങിയ വിനോദസഞ്ചാര കപ്പലിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തുടങ്ങി

ടെനറൈഫ്: ആഴ്ചകളോളം കടലിൽ അനിശ്ചിതത്വത്തിലായിരുന്ന ‘എംഎസ് ഹോണ്ടിയസ്’ എന്ന വിനോദസഞ്ചാര കപ്പലിലെ യാത്രക്കാരെ സ്പെയിൻ സർക്കാർ ഒഴിപ്പിച്ചു തുടങ്ങി. അർജന്റീനയിൽ വെച്ച് പടർന്ന മാരകമായ ‘ഹാൻ്റാവൈറസ്’ ബാധയെത്തുടർന്നാണ് കപ്പൽ നിരീക്ഷണത്തിലായിരുന്നത്. ഞായറാഴ്ച പുലർച്ചെ സ്പെയിനിലെ ടെനറൈഫ് ദ്വീപിന് സമീപം ആങ്കർ ചെയ്ത കപ്പലിൽ നിന്ന് കനത്ത സുരക്ഷാ സജ്ജീകരണങ്ങളോടെയാണ് യാത്രക്കാരെ പുറത്തെത്തിക്കുന്നത്. 14 സ്പാനിഷ് പൗരന്മാരെയാണ് ആദ്യം കരയ്‌ക്കെത്തിച്ചത്. ഇവരെ പ്രത്യേക വിമാനത്തിൽ മാഡ്രിഡിലെ സൈനിക ആശുപത്രിയിലേക്ക് ക്വാറന്റൈനായി കൊണ്ടുപോയി. നെതർലൻഡ്‌സ്, ഗ്രീസ്, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയും തുടർന്ന് ഒഴിപ്പിച്ചു. ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഉടൻ പുറപ്പെടും. തിങ്കളാഴ്ച ഓസ്‌ട്രേലിയൻ പൗരന്മാരെ കൂടി കൊണ്ടുപോകുന്നതോടെ ഒഴിപ്പിക്കൽ പൂർത്തിയാകും. കപ്പലിലെ 30 ഓളം ജീവനക്കാർ കപ്പലിൽ തന്നെ തുടരും. ഇവർ കപ്പൽ തിരികെ നെതർലൻഡ്‌സിലേക്ക് എത്തിക്കും.

വൈറസ് വ്യാപനം തടയാൻ അതിശക്തമായ മുൻകരുതലുകളാണ് സ്പാനിഷ് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. കപ്പൽ തുറമുഖത്ത് അടുപ്പിക്കാൻ അനുവദിച്ചില്ല. പകരം ഒരു നോട്ടിക്കൽ മൈൽ ദൂരപരിധി നിശ്ചയിച്ച് കടലിൽ നിർത്തുകയായിരുന്നു. അവിടെനിന്ന് ചെറിയ ബോട്ടുകളിലാണ് യാത്രക്കാരെ കരയിലെത്തിച്ചത്. കരയിൽ കാത്തുനിന്ന ഉദ്യോഗസ്ഥരും മെഡിക്കൽ സംഘവും പ്രത്യേക സുരക്ഷാ വസ്ത്രങ്ങൾ (പി.പി.ഇ കിറ്റ്‌ ) ധരിച്ചാണ് ഇവരെ സ്വീകരിച്ചത്. ടെനറൈഫിലെ കാൻഡേലേറിയ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘവും വെന്റിലേറ്റർ സൗകര്യമുള്ള പ്രത്യേക ഐസൊലേഷൻ വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്. അർജന്റീനയിലെ ഒരു ലാൻഡ്‌ഫിൽ സൈറ്റിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന് കരുതപ്പെടുന്നു. എലികളിൽ നിന്നാണ് ഈ വൈറസ് പകരുന്നത്. സാധാരണഗതിയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് കുറവാണെങ്കിലും, കപ്പലിലെ മൂന്ന് യാത്രക്കാർ ഇതിനോടകം മരിച്ചത്‌ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് നേരിട്ട് ടെനറൈഫിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതി ല്ലെന്നും വൈറസ് വ്യാപന സാധ്യത കുറവാണെന്നും അദ്ദേഹം അറിയിച്ചു. കപ്പൽ തങ്ങളുടെ തീരത്തേക്ക് അടുപ്പിക്കുന്നതിനെതിരെ ടെനറൈഫിൽ പ്രാദേശികമായി ചില പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കപ്പലിലെ എലികൾ വൈറസ് കരയിലെത്തിക്കുമെന്ന് കാനറി ദ്വീപ് പ്രസിഡന്റ് ഫെർണാണ്ടോ ക്ലാവിജോ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, അത്തരമൊരു സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒഴിപ്പിക്കപ്പെട്ട യാത്രക്കാർക്ക് ഇനി വരും ആഴ്ചകളിൽ കർശനമായ ക്വാറന്റൈൻ കാലയളവ് പിന്നിടേണ്ടി വരും. വൈറസിന്റെ ഇൻകുബേഷൻ കാലയളവ് ഒൻപത് ആഴ്ച വരെ ആയതിനാൽ നിരീക്ഷണം ശക്തമായി തുടരും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!