ഓട്ടവ: കാനഡയിലെ വേനൽക്കാല വിനോദമായ ബോട്ടിങ്ങിന് കനത്ത തിരിച്ചടിയായി ഇന്ധനവില വർധന. ഒന്റാരിയോയിലെ ബോബ്കേജിയൻ ഉൾപ്പെടെയുള്ള പ്രമുഖ ബോട്ടിങ് കേന്ദ്രങ്ങളിൽ സീസൺ ആരംഭിച്ചെങ്കിലും, റെക്കോർഡ് ഉയരത്തിലെത്തിയ ഇന്ധനവിലയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ബോട്ടിങ് പ്രേമികളെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ വർഷം ലിറ്ററിന് 1.31 ഡോളറായിരുന്ന ദേശീയ ശരാശരി ഇന്ധനവില നിലവിൽ 1.90 ഡോളറായി ഉയർന്നതാണ് പ്രധാന വെല്ലുവിളി. സാധാരണ പമ്പുകളേക്കാൾ ഉയർന്ന വില, വിനോദ സഞ്ചാരത്തിനും മറ്റും ചെറിയ ബോട്ടുകൾ ക്രമീകരിച്ചിരിക്കുന്ന മറീനകളിലെ ഇന്ധനത്തിന് ഈടാക്കുന്നത് ഈ വിനോദത്തെ സാധാരണക്കാർക്ക് താങ്ങാനാവാത്തതാക്കി മാറ്റുന്നു.
വിനോദയാത്രകൾക്കായി ബോട്ടിങ്ങിനെ ആശ്രയിക്കുന്ന കുടുംബങ്ങളുടെ ബജറ്റിനെ ഈ സാഹചര്യം നേരിട്ട് ബാധിച്ചിട്ടുണ്ട്. ഭക്ഷണസാധനങ്ങൾക്കും ഇന്ധനത്തിനും വില വർദ്ധിച്ചതോടെ പലരും തങ്ങളുടെ അവധിക്കാല പ്ലാനുകളിൽ മാറ്റം വരുത്താൻ നിർബന്ധിതരായിരിക്കുകയാണ്. ചിലർ ബോട്ട് യാത്രകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ, മറ്റു ചിലർ ഭീമമായ ചെലവ് ഒഴിവാക്കാൻ ബോട്ടുകൾ ഈ സീസണിൽ വെള്ളത്തിലിറക്കാതെ സൂക്ഷിച്ചുവെക്കാനാണ് താൽപ്പര്യപ്പെടുന്നത്. ബോട്ടുകളുടെ വലിപ്പവും സഞ്ചരിക്കുന്ന ദൂരവുമനുസരിച്ച് ഒരു ദിവസത്തെ വിനോദത്തിന് തന്നെ വലിയ തുക ചെലവാകുന്നത് ഈ മേഖലയിൽ നിന്നുള്ള ആളുകളുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുന്നു.

കാനഡയുടെ സാമ്പത്തിക രംഗത്ത് പ്രതിവർഷം 5.6 ബില്യൺ ഡോളറിന്റെ സംഭാവന നൽകുന്ന ബോട്ടിങ് വ്യവസായം ഇപ്പോൾ വലിയൊരു അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. ബോട്ടുകൾ വാങ്ങാൻ ആളുകൾ കുറഞ്ഞതോടെ വിപണി മന്ദഗതിയിലാവുകയും, ഉടമകൾ വലിയ വിലക്കുറവിൽ ബോട്ടുകൾ വിൽക്കാൻ ശ്രമിച്ചിട്ടും ആവശ്യക്കാരെ കണ്ടെത്താൻ പ്രയാസപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. വേനൽക്കാലം പകുതിയാകുന്നതിന് മുൻപെങ്കിലും ഇന്ധനവിലയിൽ കാര്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മറീന ഉടമകളും ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും.
