ചെന്നൈ: പതിനേഴാം തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് പ്രതിപക്ഷ നേതാവായി ചുമതലയേറ്റു. ചേപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തിൽ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഉദയനിധിക്ക് പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സഭയിലെ നിർണ്ണായകമായ പ്രതിപക്ഷ നേതൃപദവിയിലേക്ക് അദ്ദേഹം എത്തിയത്.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നിയമസഭയിലെ ഔദ്യോഗിക രജിസ്റ്ററിൽ ഉദയനിധി ഒപ്പുവെച്ചു. ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുമായി ഉദയനിധി നടത്തിയ ആദ്യ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. പുതിയ സർക്കാരിന്റെ കാലത്ത് ഭരണ-പ്രതിപക്ഷ നിരയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം തമിഴ്‌നാട് നിയമസഭയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
