ഫ്രെഡറിക്ടൺ: ന്യൂബ്രൺസ്വിക് പ്രവിശ്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 77 മുൻസിപ്പാലിറ്റികളിലെ മേയർമാരെയും കൗൺസിലർമാരെയും തിരഞ്ഞെടുക്കുന്നതിനൊപ്പം ഡിസ്ട്രിക്റ്റ് എജ്യുക്കേഷൻ കൗൺസിൽ പ്രതിനിധികൾക്കായും ജനങ്ങൾ വോട്ട് രേഖപ്പെടുത്തും.
പ്രവിശ്യാ തലസ്ഥാനമായ ഫ്രെഡറിക്ടണിൽ മുൻ ലിബറൽ എംപി ജെനിക ആറ്റ്വിൻ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. പ്രമുഖ കൗൺസിലർ സ്റ്റീവ് ഹിക്സ്, മുൻ കൺസ്ട്രക്ഷൻ തൊഴിലാളിയായ ജോൺ റീഡ് എന്നിവരാണ് ജെനികയുടെ പ്രധാന എതിരാളികൾ. പ്രവിശ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ശക്തമായ മത്സരമാണ് ഇത്തവണ നടക്കുന്നത്.

അതേസമയം, നഗരത്തിലെ 150-ലധികം സീറ്റുകളിലേക്ക് എതിരില്ലാതെ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ചില സീറ്റുകളിൽ സ്ഥാനാർത്ഥികളില്ലാത്ത സാഹചര്യവുമുണ്ട്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ പ്രവിശ്യയിലെ പ്രാദേശിക ഭരണകൂടങ്ങളിൽ പുതിയ നേതൃത്വം നിലവിൽ വരും.
