മൺട്രിയോൾ: കാനഡയുടെ വിഖ്യാത ഒളിമ്പിക് താരം വിക്ടർ ഡേവിസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഗ്ലെൻ ക്രോസ്ലി (56), യു.എസ്സിൽ വൻകിട സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായി. അമേരിക്കയിലെ പ്രായമായവരെ ലക്ഷ്യമിട്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ ‘ഗ്രാൻഡ് പേരന്റ് സ്കാം’ എന്നറിയപ്പെടുന്ന തട്ടിപ്പി ലാണ് ഇയാൾ പിടിയിലായത്. അമേരിക്കയിലെ പ്രായമായ വ്യക്തികളെ ഫോണിൽ വിളിച്ച് അവരുടെ പേരക്കുട്ടികൾ വലിയ നിയമക്കുരുക്കിലോ അപകടത്തിലോ പെട്ടിരിക്കു കയാണെന്ന് വിശ്വസിപ്പിക്കുന്ന തട്ടിപ്പ് രീതിയാണിത്. ഈ തട്ടിപ്പ് ശൃംഖലയിൽ പ്രധാന കണ്ണിയായാണ് ക്രോസ്ലി പ്രവർത്തിച്ചിരുന്നത്. ‘ബുജു’ എന്ന രഹസ്യനാമത്തിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥനോ അഭിഭാഷകനോ ആയി വേഷത്തി ലെത്തി സംസാരിച്ച് പ്രായമായവരിൽ നിന്ന് പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. 1984 ഒളിമ്പിക്സ് സ്വർണ്ണമെഡൽ ജേതാവായ വിക്ടർ ഡേവിസിനെ മൺട്രിയോളിലെ ഒരു ബാറിന് പുറത്തുവെച്ച് ക്രോസ്ലി കാറിടിച്ചു വീഴ്ത്തി. നിർത്താതെ പോയ കാറിടിച്ച് പരിക്കേറ്റ ഡേവിസ് രണ്ട് ദിവസത്തിന് ശേഷം മരിച്ചു. ഈ കേസിൽ 10 മാസം ക്രോസ്ലി ജയിൽവാസം അനുഭവിച്ചു.1989 ലായിരുന്നു സംഭവം.

2016ൽ ഒരു ബാറിൽ വെച്ച് 70 വയസ്സുകാരനായ ആൽബർട്ട് ആഴ്സനോൾട്ടിനെ ഗോവണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 2019-ലും ഇയാൾ ശിക്ഷ അനുഭവിച്ചിരുന്നു. ഗാരെത് വെസ്റ്റ് എന്നയാൾ തലവനായുള്ള അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന്റെ ഭാഗമായാണ് ക്രോസ്ലി ഇപ്പോൾ പ്രവർത്തിച്ചത്. ലക്ഷക്കണക്കിന് ഡോളറാണ് ഇവർ വൃദ്ധരിൽ നിന്ന് തട്ടിയെടുത്തത്. ക്രോസ്ലിയെ കൂടാതെ മറ്റ് ആറ് പേരെ കൂടി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിട്ടുണ്ട്.
