വാഷിങ്ടൺ: വൈറ്റ് ഹൗസ് റിപ്പോർട്ടേഴ്സ് ഗാലയിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി കുറ്റം നിഷേധിച്ചു. കാലിഫോർണിയ സ്വദേശിയായ കോൾ അലൻ (31) ആണ് തിങ്കളാഴ്ച ഫെഡറൽ കോടതിയിൽ ഹാജരായി കുറ്റം നിഷേധിച്ചത്. പ്രസിഡന്റിനെ വധിക്കാൻ ശ്രമിക്കൽ, ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിക്കൽ, തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. ഏപ്രിൽ 25ന് നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ ട്രംപിനെയും മറ്റ് ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ച് സുരക്ഷാ കവാടം ഭേദിക്കാൻ ശ്രമിച്ചെന്നും സീക്രട്ട് സർവീസ് ഏജന്റിനു നേരെ വെടിവച്ചെന്നുമാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. ട്രെയിൻ മാർഗം എത്തിയ പ്രതിയുടെ പക്കൽ നിന്ന് തോക്കുകളും കത്തികളും കണ്ടെത്തിയിരുന്നു.

ഓറഞ്ച് ജംപ്സ്യൂട്ട് ധരിച്ച് കൈവിലങ്ങുകളോടെയാണ് കോൾ അലൻ കോടതിയിൽ എത്തിയത്. കേസിലെ പ്രോസിക്യൂട്ടർമാരായ ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ, യുഎസ് അറ്റോർണി ജീനിൻ പിറോ എന്നിവരെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. സംഭവം നടന്ന ദിവസം ഇവർ രണ്ടുപേരും അവിടെ ഉണ്ടായിരുന്നെന്നാണ് പ്രതിഭാഗം വക്കീൽ യൂജിൻ ഓം വാദിച്ചത്. അതേസമയം, താൻ അവിടെ ഉണ്ടായിരുന്നു എന്നത് കേസ് നടത്തുന്നതിനെ ബാധിക്കില്ലെന്ന് ജീനിൻ പിറോ പ്രതികരിച്ചു. പ്രതിഭാഗത്തിന്റെ വാദത്തിന് മേയ് 22നകം പ്രോസിക്യൂഷൻ മറുപടി നൽകണം.
