ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോർട്ടക. ഫ്ളക്സടിച്ചും ചേരിതിരിഞ്ഞും സംസ്ഥാനത്ത് നടത്തുന്ന പരസ്യ പ്രകടനങ്ങളിലാണ് രാഹുൽ നേതാക്കളെ അതൃപ്തി അറിയിച്ചത്. പ്രവർത്തകരെ ചേരിതിരിച്ച് തെരുവിലിറക്കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ ദേശീയ നേതൃത്വം ആരംഭിച്ചു. പാർട്ടിയുടേയും മുന്നണിയുടേയും വിജയത്തിന്റെ ശോഭ കെടുത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ചർച്ചകൾക്കായി എത്തിയ കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടക്കം നടത്തിയ ചർച്ചകളിൽ തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

മുതിർന്ന നേതാവ് വി.എം. സുധീരനുമായി ഹൈക്കമാൻഡ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തും. തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴിയും തേടും. തുടർന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ആളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ ആരെന്നതിൽ ദിവസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്.
