ടൊറന്റോ: സ്കാർബ്‌റോ സൗത്ത് വെസ്റ്റ് മണ്ഡലത്തിലെ നോമിനേഷൻ ഫലത്തിൽ നിലപാട് മാറ്റാതെ ഒൻ്റാരിയോ ലിബറൽ പാർട്ടി. പരായപ്പെട്ട സ്ഥാനാർത്ഥി നേറ്റ് എർസ്‌കൈൻ-സ്മിത്ത് നോമിനേഷൻ പ്രക്രിയയിലെ ക്രമക്കേടുകൾ ഉന്നയിച്ച സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ നിലപാട്. കഴിഞ്ഞ ശനിയാഴ്ച, കിഴക്കൻ ടൊറന്റോയിലെ ലിബറൽ പാർട്ടി അംഗങ്ങൾ ബിസിനസുകാരനായ അഹ്‌സാനുൾ ഹാഫിസിനെ പ്രവിശ്യാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തിരുന്നു ശക്തമായ മത്സരത്തിനൊടുവിൽ എർസ്‌കൈൻ-സ്മിത്തിനെ പരാജയപ്പെടുത്തിയാണ് ഹാഫിസ് വിജയിച്ചത്. ഒന്റാരിയോ ലിബറൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് എത്താനുള്ള എർസ്‌കൈൻ-സ്മിത്തിന്റെ പദ്ധതിയിലെ നിർണായക ചുവടുവയ്പായാണ് ഈ നോമിനേഷൻ പരാജയം വിലയിരുത്തപ്പെടുന്നത്. നിലവിൽ ബീച്ചസ്-ഈസ്റ്റ് യോർക്ക് ഫെഡറൽ മണ്ഡലത്തിലെ എംപിയായ അദ്ദേഹം, പ്രവിശ്യാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് സ്കാർബ്‌റോ സൗത്ത് വെസ്റ്റിൽ സ്ഥാനാർത്ഥിത്വം തേടിയത്.

വോട്ടെടുപ്പിന് തലേദിവസം രാത്രി, പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്കൊപ്പം എർസ്‌കൈൻ-സ്മിത്ത് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അതിൽ അദ്ദേഹത്തിന്റെ പ്രവിശ്യാ രാഷ്ട്രീയ പ്രവേശനത്തിന് കാർണി ആശംസകൾ നേർന്നിരുന്നു. ഇത് എർസ്‌കൈൻ-സ്മിത്തിന്റെ പ്രചാരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു.
നോമിനേഷൻ ഫലത്തിൽ അതൃപ്തി അറിയിച്ച ശേഷം, തന്റെ ടീമുമായി കൂടിക്കാഴ്ച നടത്തി അടുത്ത നീക്കങ്ങൾ ചർച്ച ചെയ്യുകയാണ് എർസ്‌കൈൻ-സ്മിത്ത്. എന്നാൽ തങ്ങളുടെ നോമിനേഷൻ പ്രക്രിയയും ഫലവും സുതാര്യവും ജനാധിപത്യപരവുമാണെന്നും അതിൽ മാറ്റമില്ലെന്നുമാണ് ഒന്റാരിയോ ലിബറൽ പാർട്ടി വ്യക്തമാക്കുന്നത്.
