Tuesday, May 12, 2026

മാനിറ്റോബയിൽ അധ്യാപകർക്കെതിരായ പരാതികൾ അന്വേഷിക്കാൻ പുതിയ കമ്മീഷണർ; നോണി ക്ലാസൻ ചുമതലയേറ്റു

വിനിപെ​ഗ്: മാനിറ്റോബയിലെ അധ്യാപകർക്കെതിരായ പരാതികളും പെരുമാറ്റദൂഷ്യങ്ങളും അന്വേഷിക്കുന്നതിനായി പുതിയ കമ്മീഷണറെ നിയമിച്ച് പ്രവിശ്യാ സർക്കാർ. നോണി ക്ലാസൻ ആണ് ഈ സുപ്രധാന പദവിയിലേക്ക് നിയമിതയായത്. മുൻ റിസോഴ്സ് അധ്യാപികയായിരുന്ന ഇവർ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കനേഡിയൻ സെന്റർ ഫോർ ചൈൽഡ് പ്രൊട്ടക്ഷനിൽ പ്രവർത്തിച്ചു വരികയായിരുന്നു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട മേഖലയിലുള്ള ഇവരുടെ വൈദഗ്ധ്യം അന്വേഷണ നടപടികൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് സർക്കാർ വിലയിരുത്തുന്നു.

ഫ്ലോറിഡയിൽ ഇരുന്നുകൊണ്ട് ജോലി ചെയ്തു എന്ന വിവാദത്തെത്തുടർന്ന് സ്ഥാനമൊഴിഞ്ഞ ബോബി തൈലെഫറിന് പകരക്കാരിയായാണ് നോണി ക്ലാസന്റെ നിയമനം. അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് ഇവർ പൂർണ്ണസമയ കമ്മീഷണറായി നിയമിതയായത്. മാനിറ്റോബയിൽ താമസിക്കുന്ന ഒരാളെ തന്നെ ഈ പദവിയിലേക്ക് നിയമിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗം കൂടിയാണ് ഈ നടപടി. അധ്യാപന മേഖലയിലെ സുതാര്യതയും ധാർമ്മികതയും ഉറപ്പാക്കുകയാണ് കമ്മീഷണറുടെ പ്രാഥമിക ലക്ഷ്യം.

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സർട്ടിഫിക്കറ്റുകൾ റദ്ദാക്കപ്പെട്ടതോ സസ്പെൻഡ് ചെയ്യപ്പെട്ടതോ ആയ അധ്യാപകരുടെ വിവരങ്ങൾ അടങ്ങിയ പബ്ലിക് രജിസ്ട്രിയുടെ മേൽനോട്ട ചുമതലയും കമ്മീഷണർ നിർവ്വഹിക്കും. ഒരു വർഷം മുമ്പ് ആരംഭിച്ച ഈ ഓൺലൈൻ സംവിധാനം വഴി രക്ഷിതാക്കൾക്ക് അധ്യാപകരുടെ പശ്ചാത്തലം പരിശോധിക്കാനാകും. വിദ്യാർത്ഥികൾക്ക് സുരക്ഷിതവും മാന്യവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനും അധ്യാപന മേഖലയോടുള്ള പൊതുജനവിശ്വാസം വർദ്ധിപ്പിക്കുന്നതിനും താൻ മുൻഗണന നൽകുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം നോണി ക്ലാസൻ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!