Friday, May 15, 2026

‘പിണറായി സര്‍ക്കാര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരും’; വി ഡി സതീശനെ കൈപിടിച്ച് സ്വീകരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: പിണറായി വിജയനെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. വെള്ളിയാഴ്ച ഉച്ചക്ക് 12.10 ഓടെയാണ് വി.ഡി സതീശന്‍ ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വീട്ടിലേക്ക് എത്തിയത്. 12 മണിയോടെ തന്നെ എത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നതിനാല്‍ പിണറായി വിജയനും ഭാര്യ കമലയും പൂമുഖത്ത് തന്നെ നിന്നിരുന്നു. കാറില്‍ നിന്ന് ഇറങ്ങിയ വി.ഡി സതീശനെ ഇറങ്ങി വന്നാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. ശേഷം ഇരുവരും കൈകള്‍ ചേര്‍ത്തുപിടിച്ച് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.

ചായ സത്കാരത്തിന് ശേഷമാണ് വി ഡി സതീശന്‍ മടങ്ങിയത്. അദ്ദേഹത്തിന്റെ പിന്തുണ തേടിയാണ് എത്തിയത്. പിണറായി സര്‍ക്കാര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. പിണറായി വിജയന്‍ കാര്യങ്ങള്‍ പിന്നെ പറയാം എന്ന ഒറ്റവരിയില്‍ പ്രതികരിച്ചു. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എ വി.കെ പ്രശാന്ത്,സിപിഎം നേതാക്കള്‍ എന്നിവര്‍ പിണറായി വിജയന്റെ വസതിയില്‍ ഉണ്ടായിരുന്നു.

ഇനി അദ്ദേഹം രമേശ് ചെന്നിത്തലയെ സന്ദര്‍ശിക്കാന്‍ വസതിയിലേക്ക് പുറപ്പെടും. ഉച്ചയോടെ യുഡിഎഫ് യോഗത്തില്‍ സതീശന്‍ പങ്കെടുക്കും. ഇതിന് ശേഷം സതീശന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോകും. വൈകിട്ട് 6.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന വി.ഡി. സതീശന് ഗംഭീര സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!