Sunday, May 17, 2026

നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല

തിരുവനന്തപുരം: അധികാരമേല്‍ക്കുന്ന പുതിയ യുഡിഎഫ് മന്ത്രിമാര്‍ക്ക് ആദ്യഘട്ടത്തില്‍ പുതിയ ഔദ്യോഗിക വാഹനങ്ങള്‍ ഉണ്ടാകില്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന 25 ഇന്നോവ ക്രിസ്റ്റ കാറുകളാണ് പുതിയ മന്ത്രിമാര്‍ക്കായി ടൂറിസം വകുപ്പ് അനുവദിക്കുക. നിലവിലെ സാഹചര്യത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങണമോ എന്ന കാര്യത്തില്‍ വരാനിരിക്കുന്ന പുതിയ മന്ത്രിസഭായോഗമാകും അന്തിമ തീരുമാനമെടുക്കുക.

മുഖ്യമന്ത്രിക്ക് നിലവിലുള്ള വാഹനം മതിയെന്ന നിലപാടിലാണ് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ വാഹനങ്ങള്‍ പൊലീസ് വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. വി. ഡി. സതീശന്‍ അടക്കമുള്ള എല്ലാ മന്ത്രിമാരും വെളുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറുകളാകും ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുക. നിലവിലുള്ള വാഹനങ്ങളില്‍ ഏറ്റവും പുതിയ മോഡല്‍ കാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ‘സ്റ്റേറ്റ് നമ്പര്‍ വണ്‍’ ആയി നിശ്ചയിക്കും. മറ്റ് മന്ത്രിമാരുടെ വാഹന നമ്പറുകള്‍ അതത് മന്ത്രിമാര്‍ക്ക് തീരുമാനിക്കാവുന്നതാണ്. കൂടാതെ, മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും നിയുക്ത മുഖ്യമന്ത്രി പൊലീസിന് നേരത്തെ തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് പുറമെ, സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന സര്‍ക്കാരിന്റെ വിവിഐപി അതിഥികള്‍ക്കായുള്ള യാത്രാസൗകര്യങ്ങളും ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍പ് ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളാണ് വിവിഐപി അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ വാഹനങ്ങളുടെയെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി ടൂറിസം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ധൂര്‍ത്ത് ഒഴിവാക്കിക്കൊണ്ടുള്ള മാതൃകാപരമായ സമീപനമാണ് തുടക്കത്തില്‍ തന്നെ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!