ടൊറന്റോ: കാനഡയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലയ്ക്ക് വസന്തകാല വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ചില പ്രദേശങ്ങളിൽ നേരിയ പുരോഗതി ദൃശ്യമാണെങ്കിലും, ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോഴും വിപണിയിൽ സജീവമായി ഇടപെടാൻ മടിച്ചുനിൽക്കുകയാണ്.
കാനഡയിലെ ഏറ്റവും ചെലവേറിയ ഭവന വിപണിയായ ഗ്രേറ്റർ വൻകൂവറിൽ, വസന്തകാല വിപണിയുടെ തുടക്കമായി കണക്കാക്കപ്പെടുന്ന ഏപ്രിൽ മാസത്തിൽ വീട് വിൽപ്പനയിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാൽ ദേശീയ തലത്തിൽ കഴിഞ്ഞ മാസം വീടുകളുടെ വിലയിൽ 2.2 ശതമാനം വർധനയുണ്ടായപ്പോൾ, വിൽപ്പനയിൽ 4 ശതമാനത്തിന്റെ കുറവുണ്ടായതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) വ്യക്തമാക്കി. ആഗോളതലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യങ്ങളും കാരണം ഈ വർഷത്തെ ഭവന വിൽപ്പനയെക്കുറിച്ചുള്ള പ്രവചനം CREA പുതുക്കി നിശ്ചയിച്ചു. എണ്ണവില വർധനവും പണപ്പെരുപ്പവും കാരണം ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ജനുവരിയിൽ പ്രവചിച്ച 5.1 ശതമാനം വളർച്ചയ്ക്ക് പകരം, ഈ വർഷം കേവലം 1 ശതമാനം മാത്രമായിരിക്കും വിൽപ്പനയിലെ വളർച്ചയെന്നാണ് നിലവിലെ വിലയിരുത്തൽ.

മോർഗേജ് പലിശ നിരക്കുകളിൽ കാര്യമായ കുറവുണ്ടാകാത്തത് ഉപഭോക്താക്കളെ പിന്നോട്ട് വലിക്കുന്ന പ്രവണതയാണ് നിലവിൽ. കനേഡിയൻ സർക്കാർ കുടിയേറ്റ നിരക്ക് വെട്ടിക്കുറച്ചതോടെ പുതിയ താമസക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇത് റിയൽ എസ്റ്റേറ്റ് ആവശ്യകതയെ നേരിട്ട് ബാധിച്ചു.ടൊറന്റോ, വാൻകൂവർ തുടങ്ങിയ വൻനഗരങ്ങളിൽ ടൊറന്റോ മേഖലയിലെ ഉപഭോക്താക്കൾക്കിടയിൽ ഇപ്പോൾ മിതത്വം പാലിക്കുന്ന ആവേശത്തിലാണെന്ന് റിയൽ ബ്രോക്കർ ഒന്റാരിയോയിലെ ജെസ്സിക്ക ഹാമൽ പറയുന്നു. പുതിയതായി വീട് വാങ്ങാൻ എത്തുന്നവർ വിപണിയിൽ താല്പര്യം കാണിക്കുന്നുണ്ടെങ്കിലും, വിലയുടെ കാര്യത്തിൽ അവർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ധൃതിപ്പെട്ട് തീരുമാനങ്ങൾ എടുക്കാതെ, വിപണിയിലെ വിവിധ ഓപ്ഷനുകൾ കൃത്യമായി താരതമ്യം ചെയ്ത ശേഷമാണ് അവർ മുന്നോട്ട് പോകുന്നത്. വിപണിയിലെ ഈ മന്ദഗതി ഒരു വലിയ തിരുത്തലിന്റെ ഭാഗമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. കനേഡിയൻ സമ്പദ്വ്യവസ്ഥ നിലവിലെ പ്രതിസന്ധികളെ അതിജീവിച്ച് കരുത്ത് കാട്ടുന്നുണ്ടെന്നും, വരും മാസങ്ങളിൽ വിപണി പതുക്കെ പഴയ പ്രതാപത്തിലേക്ക് തിരികെ വരുമെന്നും വിദഗ്ദ്ധർ പ്രത്യാശ പ്രകടിപ്പിക്കുന്നു.
