ഡൽഹി: തെരുവുനായ പ്രശ്നത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. പേവിഷബാധയുള്ളതും അപകടകാരികളും മനുഷ്യജീവന് ഭീഷണിയുമാകുന്ന തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ അനുമതി നൽകി. പൊതുയിടങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ മൃഗസ്നേഹികൾ നൽകിയ ഹർജികൾ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.

രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിൻ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റുന്നത് ഉറപ്പാക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഈ ബെഞ്ച് അധികാരികൾക്ക് നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചു.
തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. പ്രായഭേദമന്യേ എല്ലാവർക്കും തെരുവുനായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യം ആശങ്കാജനകമെന്നും കോടതി വിലയിരുത്തി.കോടതി നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ, നിഷ്ക്രിയത്വം കാണിക്കുകയോ, മനഃപൂർവം അവഗണിക്കുകയോ ചെയ്യുന്ന വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിലക്ഷ്യ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാൻ അതത് അധികാരപരിധിയിലുള്ള കോടതികൾക്ക് പൂർണ അധികാരമുണ്ടെന്നും സുപ്രീംകോടതി നിർദേശം നൽകി.
