ദുബായ്: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളവിതരണ നിയമങ്ങൾ കൂടുതൽ കർശനമാക്കി യുഎഇ. ജീവനക്കാർക്ക് ഇനിമുതൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നൽകണം. തൊഴിൽ മന്ത്രാലയമാണ് ഒന്നാംതീയതി തന്നെ എല്ലാവർക്കും ശമ്പളം കൊടുക്കണമെന്ന് നിർദ്ദേശിച്ചത്. അടുത്തമാസം ഒന്നുമുതൽ തീരുമാനം നടപ്പാക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതോടെ നിലവിലുണ്ടായിരുന്ന 15 ദിവസത്തെ ഗ്രേസ് പീരീഡ് ഒഴിവാക്കി.

തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. അടുത്ത മാസത്തിലെ രണ്ടാം തീയതി മുതൽ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കും. അഞ്ചാം തീയതിവരെയും ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് യുഎഇയിൽ പുതിയ തൊഴിൽ അനുമതികൾ അനുവദിക്കില്ല. 11 ദിവസംവരെ ശമ്പളം വൈകിയാൽ സ്ഥാപനങ്ങൾക്ക് പിഴയടക്കേണ്ടിവരും. കൃത്യസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ സ്ഥാപനത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
