ഫ്രെഡറിക്ടൺ: വരാനിരിക്കുന്ന കടുത്ത വേനൽക്കാലത്തെ നേരിടുന്നതിനായി പുതിയ ‘ആംഫീബിയസ് വിമാനങ്ങൾ’ നിക്ഷേപം നടത്താൻ ഒരുങ്ങി ന്യൂബ്രൺസ്വിക്ക്. കരയിലും വെള്ളത്തിലും ഒരുപോലെ ലാൻഡ് ചെയ്യാനും അവിടെനിന്ന് പറന്നുയരാനും ശേഷിയുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ആംഫീബിയസ് വിമാനങ്ങൾ എന്നറിയപ്പെടുന്നത്. ന്യൂബ്രൺസ്വിക്ക് സർക്കാരിന് ഭൂരിപക്ഷം ഓഹരിയുള്ള ‘ഫോറസ്റ്റ് പ്രൊട്ടക്ഷൻ ലിമിറ്റഡ്’ എന്ന സ്ഥാപനത്തിൽ വെച്ചാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. വനങ്ങളുടെ നിരീക്ഷണം, സംരക്ഷണം, കാട്ടുതീ പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടൽ എന്നിവയാണ് ഈ സ്ഥാപനം പ്രധാനമായും കൈകാര്യം ചെയ്യുന്നത്.
ഈ വർഷം മഞ്ഞുവീഴ്ച കുറവായതിനാലും കടുത്ത വരൾച്ചയുള്ളതിനാലും കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രീമിയർ സൂസൻ ഹോൾട്ട് നേരത്തെ തന്നെ മുൻകരുതലുകൾ തുടങ്ങിയിരുന്നു. വെള്ളം കോരിയെടുത്ത് തീ അണയ്ക്കാൻ കഴിയുന്ന നാല് പ്രത്യേക വിമാനങ്ങൾക്കായി സർക്കാർ 30 ലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. കൂടാതെ, കാട്ടുതീ തടയുന്നതിനുള്ള വനപാലകരുടെ എണ്ണം 95-ൽ നിന്ന് 169 ആയി ഉയർത്തുകയും ചെയ്തു.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരിക്കും ഇതെന്നാണ് പ്രകൃതിവിഭവ മന്ത്രി നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ അയൽ പ്രവിശ്യയായ നോവസ്കോഷയും കാട്ടുതീ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ന്യൂബ്രൺസ്വിക്കിന്റെ കമ്പനിയിൽ നിന്ന് നാല് വാട്ടർ ബോംബർ വിമാനങ്ങളും പൈലറ്റുമാരെയും വാടകയ്‌ക്കെടുക്കാൻ നോവസ്കോഷ സർക്കാർ 65 ലക്ഷം ഡോളറിന്റെ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.
