ടൊറൻ്റോ: തെക്കൻ ഒന്റാരിയോയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ടൊർണാഡോ വീശിയടിക്കാൻ സാധ്യതയുള്ളതായി പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡോർചെസ്റ്റർ, പുട്നം, ബെൽമോണ്ട് ലിയോൺസ്, മോസ്ലി, സ്പ്രിംഗ്ഫീൽഡ് എന്നിവയാണ് പ്രധാനമായും ഈ ചുഴലിക്കാറ്റിന്റെ പാതയിലുള്ള സ്ഥലങ്ങൾ.നിലവിൽ മേഖലയിൽ ‘റെഡ് വാണിംഗ്’ പ്രഖ്യാപിച്ചിരിക്കുകയാണ്.കിഴക്ക് ദിശയിലേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് ഈ ചുഴലിക്കാറ്റ് നീങ്ങുന്നത്. കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കാൻ ശേഷിയുള്ള കാറ്റും വലിയ അളവിലുള്ള ആലിപ്പഴ വർഷവും ഇതിനോടൊപ്പമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ കാറ്റ് വീശാമെന്നാണ് മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ ആളുകൾ അതീവ ജാഗത്ര പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. അതിനാൽ ഈ പ്രദേശങ്ങളിലുള്ള താമസക്കാർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്. ഇടിയോടുകൂടിയ ശക്തമായ മഴയും ടൊർണാഡോ രൂപപ്പെടാനുള്ള സാധ്യതയുമുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
