ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ നിന്ന് ആറ് ദിവസം മുമ്പ് കാണാതായ പതിനാലുകാരി എസ്തറിനായുള്ള തിരച്ചിലിനായി പ്രത്യേക ഫോൺ ലൈൻ സ്ഥാപിച്ച് പൊലീസ്. പൊതുജനങ്ങൾക്ക് പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കു കയാണെങ്കിൽ അറിയിക്കാനായി ടൊറന്റോ പോലീസ് ഒരു പ്രത്യേക ഹെൽപ്പ്ലൈൻ നമ്പറും (647-355-4148) സജ്ജീകരിച്ചിട്ടുണ്ട്. വിവരങ്ങൾ വേഗത്തിൽ ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായാണ് ഈ പ്രത്യേക സംവിധാനം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നോർത്ത് യോർക്കിലെ പ്രശസ്തമായ Earl Bales Park സമീപത്തുനിന്നാണ് എസ്തറിനെ അവസാനമായി കാണുന്നത്. കാണാതാകുമ്പോൾ മുൻഭാഗത്ത് നീലകലർന്ന പച്ച നിറ ത്തിലുള്ള ഫുൾ സ്ലീവ് സ്വെറ്ററും ഗ്രേ കളർ പാന്റ്സുമാണ് പെൺകുട്ടി ധരിച്ചിരുന്നതെന്ന് ഡ്യൂട്ടി ഇൻസ്പെക്ടർ ജോൺ റോസ് മാധ്യമങ്ങളോട് പറഞ്ഞു.ഈ കേസിനെ ടൊറന്റോ പൊലീസിന്റെ ഏറ്റവും ഉയർന്ന തിരച്ചിൽ വിഭാഗമായ ‘ലെവൽ 1’ (Level 1 Operation) എന്ന വിഭാഗത്തിലേക്ക് മാറ്റി.

ഇതോടെ ഡ്രോണുകൾ, പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ്ക്കൾ, കുതിരപ്പട, മറൈൻ യൂണിറ്റുകൾ എന്നിവയെല്ലാം എസ്തറിനെ കണ്ടെത്താനായി രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട 3,100 കാണാതാകൽ കേസുകളിൽ വെറും 5 എണ്ണത്തിൽ മാത്രമാണ് ഇങ്ങനെയുള്ള ലെവൽ 1 തിരച്ചിൽ നടത്തിയിട്ടുള്ളത്. പൊതുജനങ്ങളുടെ കൈവശം പാർക്ക് പരിസരത്തെ എന്തെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളോ ഡാഷ്കാം വീഡിയോകളോ ഉണ്ടെങ്കിൽ അത് കൈമാറാനായി ഒരു പ്രത്യേക ക്യു.ആർ കോഡ് പൊലീസ് പുറത്തിറക്കി. പാർക്കിന് സമീപം താമസിക്കുന്നവർ തങ്ങളുടെ സുരക്ഷാ ക്യാമറകൾ പരിശോധിച്ച് സംശയകരമായ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണെന്ന തരത്തിലുള്ള സൂചനകളൊന്നും നിലവിൽ പൊലീസ് പുറത്തുവിട്ടിട്ടില്ല.
