Saturday, May 23, 2026

മോഡലിങ്ങിന്റെ മറവില്‍ പീഡനം: കൂടുതല്‍ പ്രതികളിലേക്ക് പൊലീസ്

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ എത്തിച്ച് പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസില്‍ ഇതുവരെ നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. റാക്കറ്റിന്റെ കെണിയില്‍ അകപ്പെട്ട കൂടുതല്‍ യുവതികള്‍ രംഗത്തുവരുന്നതോടെ കേസിലെ പരാതികളുടെ എണ്ണവും വര്‍ധിക്കുകയാണ്.

നിലവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് പരാതികളിലായി ആറ് പ്രതികളാണ് കേസ് രേഖകളിലുള്ളത്. എന്നാല്‍ ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ ഇതിലും വലിയൊരു സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഔദ്യോഗിക പരാതികള്‍ക്ക് പുറമെ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട കൂടുതല്‍ യുവതികള്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഈവന്റ് മാനേജ്‌മെന്റ് കമ്പനിയെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പ്രധാന അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടികളെ കടത്തിയ ഈ സെക്‌സ് റാക്കറ്റില്‍ സിന്ധുവിന്റെ മകള്‍ക്കും മരുമകനും പങ്കുണ്ടോയെന്ന കാര്യവും പോലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്.

പരാതിക്കാരിയായ യുവതിയെ ദുബായിലേക്ക് എത്തിച്ചത് കേസിന്റെ മൂന്നാം പ്രതിയായ മഞ്ജിമയും ബിലാലും ചേര്‍ന്നാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് എത്തിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ബിലാലിന് കൃത്യമായി കമ്മീഷന്‍ തുക നല്‍കിയിരുന്നതായി പിടിയിലായ സിന്ധു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനുപുറമെ, കേസിലെ മറ്റൊരു പ്രതിയായ അലീനയുടെ സുഹൃത്ത് ഔറംഗസേബ് എന്നയാള്‍ക്ക് ഈ മനുഷ്യക്കടത്ത് സംഘവുമായി എന്ത് തരത്തിലുള്ള ബന്ധമാണുള്ളതെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

നിലവില്‍ കസ്റ്റഡിയിലുള്ള പ്രതി ബിലാലിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കൂടുതല്‍ ഇടപാടുകാരെയും സഹായികളെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേരളത്തിലുടനീളവും ഒപ്പം വിദേശ രാജ്യങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസ് തീരുമാനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!