അബുദാബി: ഗാസയിലേക്ക് തിരികെപ്പോകാനിരുന്ന ഫ്ലോട്ടില്ലയിലെ തടവുകാരോട് ഇസ്രയേൽ മന്ത്രി ഇതമർ ബെൻ ഗ്വീർ കാട്ടിയ ക്രൂരവും അപകീർത്തികരവുമായ നടപടികളെ ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ. യുഎഇ, ജോർദാൻ, തുർക്കി, ഈജിപ്ത്, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ രാജ്യാന്തര നിയമലംഘനങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. തടവുകാരെ പരസ്യമായി അപമാനിക്കാനുള്ള മന്ത്രി ബെൻ ഗ്വീറിന്റെ ബോധപൂർവമായ നീക്കം മനുഷ്യത്വരഹിതവും രാജ്യാന്തര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനവുമാണെന്ന് വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി. അധിനിവേശം തുടരുന്ന പലസ്തീൻ മണ്ണിൽ പലസ്തീനികൾക്കെതിരെ ബെൻ ഗ്വീറും മറ്റ് ഇസ്രയേൽ ഉദ്യോഗസ്ഥരും നടത്തുന്ന നിയമവിരുദ്ധമായ പ്രകോപനങ്ങളെയും അക്രമങ്ങളെയും പ്രസ്താവനയിൽ ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ മേഖലയിൽ വിദ്വേഷം വളർത്താൻ മാത്രമേ ഉപകരിക്കൂ എന്നും, ഇരുരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ ശാശ്വത സമാധാനം സ്ഥാപിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് ഇത് വലിയ തടസ്സമാണെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകി.

ബെൻ ഗ്വീറിന്റെ ആവർത്തിച്ചുള്ള പ്രകോപനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇത്തരം പ്രകോപനപരമായ പെരുമാറ്റങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ഇസ്രയേൽ ഉറപ്പുനൽകണം. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ രാജ്യാന്തര നിയമങ്ങൾ പൂർണമായി പാലിക്കണമെന്നും തടവുകാരോട് മാനുഷികമായ പരിഗണന കാണിക്കണമെന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും എട്ടു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
