ബെയ്റൂട്ട്: കിഴക്കൻ ലബനനിലെ ഗ്രാമത്തിലുണ്ടായ ശക്തമായ ഇസ്രായേൽ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. അതിനിടെ, ലബനനിലേക്ക് കൂടുതൽ ഇസ്രായേലി സൈന്യത്തെ (അഡീഷണൽ ബറ്റാലിയൻ) വിന്യസിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ലെബനനിലുടനീളം ആക്രമണങ്ങളുടെ തീവ്രത വർധിപ്പിക്കാൻ താൻ ഉത്തരവിട്ടിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വൻ ദുരന്തം. അമേരിക്കയുടെ മധ്യസ്ഥതയിൽ ലെബനൻ-ഇസ്രായേൽ സൈനിക പ്രതിനിധികൾ വാഷിങ്ടണിൽ നേരിട്ടുള്ള ചർച്ചകൾക്ക് കൂടിക്കാഴ്ച നടത്താൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ആക്രമണങ്ങൾ ശക്തമായിരിക്കുന്നത്. ലെബനന്റെ കിഴക്കൻ മേഖലയിലുള്ള ബെക്കാ വാലിയിലെ മഷ്ഘര എന്ന ഗ്രാമത്തിലാണ് തിങ്കളാഴ്ച രാത്രി വൈകി ഇസ്രായേൽ ബോംബാക്രമണം നടത്തിയത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തു. കിഴക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. നമ്മൾ ഇപ്പോൾ ചെയ്യേണ്ടത് ആക്രമണങ്ങളുടെ ആഘാതവും തീവ്രതയും വർധിപ്പിക്കും എന്നും അവരെ നമ്മൾ പൂർണ്ണമായും തകർക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തെക്കൻ ലെബനനിലെ ഇസ്രായേൽ സൈന്യത്തിന് നേരെയും വടക്കൻ ഇസ്രായേലി അതിർത്തി നഗരങ്ങളിലും ഹിസ്ബുള്ള ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. ഇസ്രായേൽ വ്യോമാക്രമണങ്ങൾ അവസാനിപ്പിച്ച് സൈന്യത്തെ പൂർണ്ണമായി പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് ഹിസ്ബുള്ളയുടെ പ്രഖ്യാപനം.

ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് ആക്രമണം നടത്താൻ കെൽപുള്ള പുതിയ ‘ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ’തങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു. ഇതേത്തുടർന്ന് വടക്കൻ അതിർത്തി പ്രദേശങ്ങളിൽ വലിയ കൂട്ടം ആളുകൾ തടിച്ചുകൂടരുതെന്ന് ഇസ്രായേൽ ഭരണകൂടം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം മാർച്ച് ആദ്യവാരം ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകൾ തൊടുത്തുവിട്ടതോടെയാണ് ഈ മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യുദ്ധം തുടങ്ങിയതു മുതൽ ഇതുവരെ ലെബനനിൽ 3,185 പേർ കൊല്ലപ്പെട്ടതായാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 9,600-ലധികം ആളുകൾക്ക് പരുക്കേൽക്കുകയും പത്ത് ലക്ഷത്തിലധികം ജനങ്ങൾ അഭയാർത്ഥികളാക്കപ്പെടുകയും ചെയ്തു.
ഹിസ്ബുള്ള എതിർക്കുന്നുണ്ടെങ്കിലും, ഇസ്രയേലുമായി നടത്തുന്ന നേരിട്ടുള്ള ചർച്ചകളിലൂടെ എത്രയും വേഗം ഒരു വെടിനിർത്തൽ സാധ്യമാക്കാനാകും എന്ന പ്രതീക്ഷയിലാണ് ലെബനൻ സർക്കാർ.
