കോഴിക്കോട്: സൗദിയിലെ ജയിലിൽ ഇരുപത് വർഷക്കാലം തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചതോടെയാണ് മോചനം സാധ്യമായത്. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് മടങ്ങാം. 20 വർഷമായി ജയിലിൽ കഴിയുമായിരുന്നു റഹിം. സൗദി പൗരന്റെ 15 വയസ്സുകാരനായ മകൻ മരിച്ച സംഭവത്തിലാണ് റഹിമിന് ശിക്ഷ ലഭിക്കുന്നത്. വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, മാപ്പ് നൽകാൻ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നൽകിയത്. ജനകീയ ക്യാംപെയ്നിലൂടെയാണ് ധനസമാഹരണം നടത്തിയത്. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നതും വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചതും. മോചനദ്രവ്യം നൽകിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കി നൽകിയിരുന്നു.

2006-ൽ ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്. മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ, ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽനിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന് സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിച്ചു. ഈ തടവ് കാലാവധി പൂർത്തിയായതോടെയാണ് ഇപ്പോൾ റഹീമിന്റെ മോചനം യാഥാർഥ്യമായത്.
