ഓട്ടവ: കാനഡയിലെ സുരക്ഷാ-ഇന്റലിജന്‍സ് ഏജന്‍സികളില്‍ ഖലിസ്ഥാന്‍ വിഘടനവാദികള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്നായിക് രംഗത്ത്. ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന കാനഡയുടെ വാദങ്ങള്‍ പൂര്‍ണ്ണമായും തള്ളിയ അദ്ദേഹം, കനേഡിയന്‍ സുരക്ഷാ വിഭാഗത്തിന്റെ വിശ്വാസ്യതയെത്തന്നെ പരസ്യമായി ചോദ്യം ചെയ്തു. അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പട്നായിക് ഇന്ത്യയുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്. കാനഡയുടെ ഔദ്യോഗിക സുരക്ഷാ ഏജന്‍സിയായ ‘സി.എസ്.ഐ.എസ്’ (CSIS) ഖലിസ്ഥാന്‍ ഗ്രൂപ്പുകളുടെ സ്വാധീനവലയത്തിലാണെന്ന ശക്തമായ സംശയം ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ഇരുഭാഗത്തുനിന്നും സജീവമാകുന്നതിനിടയിലാണ് കാനഡയെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്ന ഇന്ത്യന്‍ സ്ഥാനപതിയുടെ ഈ പരാമര്‍ശങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യക്കെതിരെയുള്ള കാനഡയുടെ ഇന്റലിജന്‍സ് നറേറ്റീവുകള്‍ കേവലം രാഷ്ട്രീയ പ്രേരിതമാണെന്ന് പട്നായിക് കൂട്ടിച്ചേര്‍ത്തു. നിജ്ജാര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ പ്രസ്താവനകളിലൂടെയും വിളിച്ചുപറഞ്ഞ് പൊതുവിചാരണ നടത്താതെ, കൃത്യമായ തെളിവുകളുണ്ടെങ്കില്‍ അത് കോടതിയില്‍ പോയി തെളിയിക്കാന്‍ കാനഡ തയ്യാറാകണമെന്ന് പട്നായിക് വെല്ലുവിളിച്ചു.

ഇന്ത്യന്‍ ഭരണകൂടത്തിന് ഈ കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, എന്നാല്‍ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് വികാഷ് യാദവ് ഉള്‍പ്പെട്ട കേസുകള്‍ പരാമര്‍ശിച്ചുകൊണ്ട്, ഏതെങ്കിലും വ്യക്തികളോ വ്യതിചലിച്ച ചില ഘടകങ്ങളോ (Rogue elements) സ്വന്തം നിലയ്ക്ക് ഇതില്‍ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യം പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ലെന്നും സൂചിപ്പിച്ചു. അതേസമയം ഇന്ത്യന്‍ സ്ഥാനപതിയുടെ ആരോപണങ്ങള്‍ കനേഡിയന്‍ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരി പൂര്‍ണ്ണമായി നിഷേധിച്ചു. കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ നിഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത്തരം ആരോപണങ്ങള്‍ ഏജന്‍സിയുടെ വിശ്വാസ്യതയെ തകര്‍ക്കാനേ ഉപകരിക്കൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.
2023-ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ വെച്ച് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അന്നത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ നടത്തിയ ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. ഇതിനെത്തുടര്‍ന്ന് ഇന്ത്യ മുന്‍പ് കാനഡയിലുണ്ടായിരുന്ന തങ്ങളുടെ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2025 സെപ്റ്റംബറിലാണ് ദിനേഷ് പട്നായിക് പുതിയ ഹൈക്കമ്മീഷണറായി കാനഡയില്‍ ചുമതലയേറ്റത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും 2026 അവസാനത്തോടെ സ്വതന്ത്ര വ്യാപാര കരാറിലെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് ഈ പുതിയ നയതന്ത്ര പോര് മുറുകുന്നത്. നിജ്ജാര്‍ കേസിന്റെ വിചാരണ 2027-ല്‍ കാനഡയില്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
