ഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുതിച്ചുയർന്നു. യുഎസ് എയർബേസുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണ റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ 3 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 3.51 ഡോളർ ഉയർന്ന് 97.8 ഡോളറായി. ഇതോടെ ഏകദേശം 3.72 ശതമാനത്തിന്റെ നേട്ടമാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്.

അതേസമയം, യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് (WTI) ക്രൂഡ് ഓയിൽ ഫ്യൂച്ചർ നിരക്കും ഉയർന്നു. ബാരലിന് 3.31 ഡോളർ വർധിച്ച് 91.99 ഡോളറായാണ് നിലവിലെ നിരക്ക്. ഇത് 3.73 ശതമാനത്തിന്റെ വർധനയാണ് സൂചിപ്പിക്കുന്നത്.
ഇറാനും യുഎസും തമ്മിൽ ഉടൻ കരാർ ഉണ്ടാകുമെന്ന പ്രതീക്ഷയും തുടർന്ന് വില കുറയുമെന്ന അനുമാനവും അടുത്തിടെ എണ്ണവിലയിൽ ഇടിവിന് കാരണമായിരുന്നു. എന്നാൽ പുതിയ സംഘർഷ വാർത്തകൾ വിപണിയിൽ വീണ്ടും അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
