ടൊറോന്റോ: കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സ്കൂൾ ബോർഡ് ട്രസ്റ്റിയായി ആറാം തവണ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഡോ.തോമസ് തോമസ്, മെയ് 27 ന് നടന്ന ട്രസ്റ്റിമാരുടെ പ്രത്യേക യോഗത്തിൽ ബോർഡ് ചെയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലിൽ കുടുംബാംഗമായ ഡോ.തോമസ് തോമസ് നിലവിൽ ഡഫറിൻ -പീൽ കാത്തലിക് സ്കൂൾ ബോർഡ് വൈസ് ചെയർമാനായിരുന്നു. കാൽനൂറ്റാണ്ടോളം ഒരേ വാർഡിനെ പ്രതിനിധീകരിച്ചു സ്‌കൂൾ ബോർഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന ഒരു അത്യപൂർവ്വ നേട്ടം അദ്ദേഹത്തിന് മാത്രം സ്വന്തമാണ് . ഡഫറിൻ -പീൽ കാത്തലിക് സ്കൂൾ ബോർഡ് ട്രസ്റ്റിയും വൈസ് ചെയർമാനുമായ തോമസ്, നിരവധി കമ്മറ്റികളിൽ ചെയറും വൈസ് ചെയറുമായിരുന്നു.

കൂടാതെ ഒന്റാരിയോ കാത്തലിക് സ്‌കൂൾ ട്രസ്റ്റീസ് അസോസിയേഷൻ ( ഓ .സി. എസ് .ടി .എ ) ഡെഫറിൻ -പീൽ റീജിയണൽ ഡയറക്ടറുമായിരുന്നു. പിളർപ്പിന് മുമ്പുള്ള ഫൊക്കാനയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് സെക്രട്ടറി, കനേഡിയൻ മലയാളി അസോസിയേഷൻ രക്ഷാധികാരി, ഫോമാ കാനഡ റീജിയണൽ വൈസ് പ്രസിഡണ്ട് , പനോരമ ഇന്ത്യാ ഡയറക്ടർ തുടങ്ങിയ നിരവധി നിലകളിൽ സേവനമനുഷ്ഠിച്ചു . ഇപ്പോൾ കനേഡിയൻ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹം കനേഡിയൻ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമാണ്. ഫോർഡ് ഗവണ്മെന്റ് നിയോഗിച്ച സൂപ്പർവൈസറുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ ബോർഡ് പ്രവർത്തിക്കുന്നത് . അതിനാൽ നാമമാത്രമായ അധികാരമേ ഇപ്പോൾ ട്രസ്റ്റിമാർക്ക് ഉള്ളൂ. സൂപ്പർവൈസറുമായി എത്രയും വേഗം ചർച്ചകൾ നടത്തി ബോർഡിന്റെ പൂർണ്ണമായ നിയന്ത്രണം ട്രസ്റ്റിമാർക്ക് തിരികെ നേടാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പുതിയതായി സ്ഥാനാരോഹിതനായ തോമസ്.
