Friday, May 29, 2026

യാത്രക്കാരുടെ സുരക്ഷയ്ക്ക് ടൊറന്റോ സബ്‌വേയിലെ ബാരിയേഴ്സ് മതിയാകില്ലെന്ന് ട്രാന്‍സിറ്റ് ഗ്രൂപ്പ്

ടൊറന്റോ: യാത്രക്കാരുടെ പൂര്‍ണ്ണ സുരക്ഷയ്ക്ക് ടൊറന്റോയിലെ സബ്‌വേ സ്റ്റേഷനില്‍ സ്ഥാപിക്കുന്ന സ്റ്റീല്‍ ബാരിയേഴ്‌സ് മതിയാകില്ലെന്ന് ട്രാന്‍സിറ്റ് അഡ്വക്കസി ഗ്രൂപ്പായ ‘ടിടിസി റൈഡേഴ്‌സ്’. സബ്‌വേ ട്രാക്കുകളിലേക്ക് ആളുകള്‍ വീഴുന്നതും ചാടുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പൈലറ്റ് പ്രോജക്റ്റ് നടപ്പിലാക്കുന്നതെന്ന് മേയര്‍ ഒലിവിയ ചൗ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

തിരക്കേറിയ സങ്കോഫ സ്‌ക്വയറിന് സമീപമുള്ള ടിഎംയു (TMU) സ്റ്റേഷനില്‍ ഈ വര്‍ഷം തന്നെ ഈ സ്റ്റീല്‍ ബാരിയേഴ്‌സ് സ്ഥാപിക്കും. പദ്ധതി വിജയകരമായാല്‍ അടുത്ത വര്‍ഷം മറ്റ് നാല് സ്റ്റേഷനുകളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കും. ട്രാക്കിലേക്ക് ആളുകള്‍ വീഴുന്നത് തടയാന്‍ ക്യാമറകള്‍ ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനവും ഇതിനൊപ്പം സജ്ജമാക്കുന്നുണ്ട്.

എന്നാല്‍, ടൊറന്റോ നിവാസികള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ‘പ്ലാറ്റ്ഫോം എഡ്ജ് ഡോറുകള്‍’ സ്ഥാപിക്കാന്‍ നഗരസഭ തയ്യാറാകാത്തതിനെ ടിടിസി റൈഡേഴ്‌സ് പ്രതിനിധി അഗസ്റ്റ് പുരാനാഥ് വിമര്‍ശിച്ചു. ട്രെയിന്‍ വന്നു നിര്‍ത്തുമ്പോള്‍ മാത്രം സ്വയം തുറക്കുന്ന പൂര്‍ണ്ണമായ ഗ്ലാസ് ഭിത്തികളാണ് പ്ലാറ്റ്ഫോം എഡ്ജ് ഡോറുകള്‍. ഇപ്പോള്‍ കൊണ്ടുവരുന്ന സ്റ്റീല്‍ ബാരിയേഴ്‌സ് ട്രെയിന്‍ വാതിലുകള്‍ക്കായി വലിയ ഇടവേളകള്‍ ഉള്ളതിനാലും ഇവയ്ക്ക് ട്രെയിന്‍ ജനലിന്റെ അത്രയും മാത്രമേ ഉയരമുള്ളൂ എന്നതിനാലും അപകടങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷയുടെ കാര്യത്തില്‍ പ്ലാറ്റ്ഫോം എഡ്ജ് ഡോറുകളാണ് ഏറ്റവും മികച്ചതെന്ന് ടിടിസി ബോര്‍ഡിന്റെ റിപ്പോര്‍ട്ടും സമ്മതിക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ബാധ്യതയും നിര്‍മാണത്തിലെ സങ്കീര്‍ണ്ണതയുമാണ് ഇതില്‍ നിന്നും അധികൃതരെ പിന്നോട്ട് വലിപ്പിക്കുന്നത്. ഒരു സ്റ്റേഷനില്‍ പ്ലാറ്റ്ഫോം എഡ്ജ് ഡോറുകള്‍ സ്ഥാപിക്കാന്‍ 44 മില്യണ്‍ മുതല്‍ 55 മില്യണ്‍ ഡോളര്‍ വരെ ചിലവ് വരുമ്പോള്‍, സ്റ്റീല്‍ വേലികള്‍ക്ക് വെറും 2 മില്യണ്‍ ഡോളര്‍ മാത്രമാണ് ചിലവ് വരുന്നത്. യാത്രക്കാര്‍ ട്രാക്കിലേക്ക് വീഴുന്ന സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡൗണ്‍ടൗണിലെ തിരക്കേറിയ സ്റ്റേഷനായതിനാലാണ് ടിഎംയു സ്റ്റേഷനെ ഈ പരീക്ഷണത്തിനായി ആദ്യം തിരഞ്ഞെടുത്തത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!