ഓട്ടവ: വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാനഡ ഒടുവിൽ സാങ്കേതിക മാന്ദ്യത്തെയും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണെന്ന് റിപ്പോർട്ടുകൾ. ഈ വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വാർഷികാടിസ്ഥാനത്തിൽ 0.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി സർക്കാർ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടു. കഴിഞ്ഞ വർഷത്തെ അവസാന പാദത്തിൽ സാമ്പത്തിക വളർച്ച ഒരു ശതമാനം ഇടിഞ്ഞിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിൽ രാജ്യം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തുന്നതിനെയാണ് സാങ്കേതിക മാന്ദ്യം എന്ന് വിശേഷിപ്പിക്കുന്നത്. നേരത്തെ ബാങ്ക് ഓഫ് കാനഡയും സാമ്പത്തിക വിദഗ്ദ്ധരും ആദ്യ പാദത്തിൽ 1.5 ശതമാനത്തിന്റെ മികച്ച വളർച്ച പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണ് ഈ തിരിച്ചടി. കൊവിഡ് മഹാമാരി ആരംഭിച്ച 2020-ലും, അതിന് മുൻപ് 2015-ലെ എണ്ണ പ്രതിസന്ധിയുടെ സമയത്തുമാണ് കാനഡ ഇതിന് മുൻപ് സമാനമായ സാങ്കേതിക മാന്ദ്യം നേരിട്ടിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആഗോള വ്യാപാര രംഗത്തുണ്ടായ അനിശ്ചിതത്വങ്ങളും കനത്ത നികുതികളും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. നികുതി വർധന കാരണം വ്യവസായ നിക്ഷേപങ്ങൾ കുറയുകയും, തൊഴിൽ വിപണി മന്ദഗതിയിലാവുകയും, വിപണിയിൽ വിലക്കയറ്റം രൂക്ഷമാവുകയും ചെയ്തു.

ആദ്യ പാദത്തിൽ രാജ്യത്തേക്കുള്ള ഇറക്കുമതി ഉയർന്ന നിരക്കിലായതും ആഭ്യന്തര ഉത്‌പാദനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാൽ കച്ചവട സ്ഥാപനങ്ങളിൽ വൻതോതിൽ ഉത്‌പന്നങ്ങൾ കെട്ടിക്കിടന്നത് തകർച്ചയുടെ ആക്കം അല്പം കുറച്ചു. സാമ്പത്തിക മേഖല വലിയ പ്രതിസന്ധി നേരിടുമ്പോഴും കാനഡയിലെ ജനങ്ങളുടെ ദൈനംദിന ചെലവഴിക്കൽ വർധിച്ചെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ധനകാര്യ സേവനങ്ങൾക്കും ഭക്ഷണ സാധനങ്ങൾക്കുമായി ജനങ്ങൾ കൂടുതൽ പണം ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ബിസിനസ്സ് മേഖലയിലും സർക്കാർ തലത്തിലുമുള്ള നിക്ഷേപങ്ങളിൽ ഉണ്ടായ വൻ കുറവ് ഈ നേട്ടത്തെ ഇല്ലാതാക്കുകയായിരുന്നു. സാമ്പത്തിക രംഗം മന്ദഗതിയിലായതോടെ വരും മാസങ്ങളിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്കുകൾ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.
