ന്യൂഡൽഹി: സാങ്കേതിക തകരാർ മൂലം സി.യു.ഇ.ടി യു.ജി ഒന്നാം ഷിഫ്റ്റ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. മെയ് 30-ന് നടന്ന ഒന്നാം ഷിഫ്റ്റ് പരീക്ഷയിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി സെന്ററുകളിൽ ഹാജരായിട്ടും തകരാർ മൂലം പരീക്ഷ എഴുതാനാകാതെ പോയ 3,765 ഉദ്യോഗാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. സാങ്കേതിക തകരാർ വിദ്യാർത്ഥികളിലുണ്ടാക്കിയ ബുദ്ധിമുട്ടിൽ ഏജൻസി ഖേദം പ്രകടിപ്പിച്ചു. രാവിലെ പരീക്ഷ തുടങ്ങുന്ന സമയത്തുണ്ടായ സാങ്കേതിക പ്രശ്നം കാരണം ചില സെന്ററുകളിൽ പരീക്ഷ വൈകിയിരുന്നു. തകരാർ പരിഹരിച്ചതിനെ തുടർന്ന് 95 ശതമാനത്തോളം വിദ്യാർത്ഥികൾക്കും പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും എൻ.ടി.എ വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിന്റെ സാങ്കേതിക ചുമതലയുള്ള ടാറ്റാ കൺസൾട്ടൻസി സർവീസസിനോട് തകരാറിന്റെ മൂലകാരണം കണ്ടെത്താനും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും എൻ.ടി.എ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലത്തെ ഷിഫ്റ്റിൽ പരീക്ഷ വൈകിയ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായ സമയം അനുവദിച്ചിരുന്നു. ഇതേത്തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള സെഷന്റെ സമയത്തിലും മാറ്റം വരുത്തിയിരുന്നു. മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരീക്ഷ വൈകിട്ട് 4 മണിക്കാണ് ആരംഭിച്ചത്.
