Saturday, May 30, 2026

“പിന്നോട്ടടിച്ച് കാർണി സർക്കാർ”; കാനഡയുടെ പുതിയ പരിസ്ഥിതി നയങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം

ഓട്ടവ: പരിസ്ഥിതി നയങ്ങളിൽ വരുത്തിയ മാറ്റങ്ങൾ രാജ്യത്തെ ഹരിതഗൃഹ വാതക ഉദ്‌വമനത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് വ്യക്തമാക്കാൻ സാധിക്കാതെ കാനഡയിലെ മാർക്ക് കാർണി സർക്കാർ കടുത്ത സമ്മർദ്ദത്തിൽ. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പാർലമെന്ററി സമിതി യോഗത്തിൽ കനേഡിയൻ പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രൂസിൻ ഈ വിഷയത്തിൽ കടുത്ത ചോദ്യങ്ങളെയാണ് നേരിട്ടത്. കാലാവസ്ഥാ വ്യതിയാന നയങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി സർക്കാർ വരുത്തിയ പിന്നോട്ടടികൾ ഉദ്‌വമനം കുറയ്ക്കുന്നതിനെ എങ്ങനെ സഹായിക്കുമെന്ന് വ്യക്തമാക്കുന്ന കൃത്യമായ കണക്കുകളോ മോഡലിങ് വിവരങ്ങളോ സർക്കാരിന്റെ പക്കലുണ്ടോ എന്ന് ബ്ലോക് ക്യൂബെക്കോയിസ്എം.പി പാട്രിക് ബോണിൻ യോഗത്തിൽ ചോദിച്ചു. എന്നാൽ, കൃത്യമായ നയപരമായ കണക്കുകൾ നിരത്തുന്നതിന് പകരം ഡിസംബറിൽ പുറത്തിറക്കിയ മീഥെയ്ൻ നിയന്ത്രണങ്ങളെക്കുറിച്ചും, മുൻ സർക്കാരിന്റെ കാലത്തെ (2024-ലെ) ഡാറ്റ അടങ്ങിയ ഏപ്രിലിലെ നാഷണൽ ഇൻവെന്ററി റിപ്പോർട്ടിനെക്കുറിച്ചും മാത്രമാണ് മന്ത്രി പരാമർശിച്ചത്. തീരുമാനങ്ങൾ എടുത്ത നയങ്ങളിൽ കൃത്യമായ കണക്കുകൾ തിട്ടപ്പെടുത്താൻ ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയ ഡെപ്യൂട്ടി മന്ത്രി മോളി ജോൺസൺ സമ്മതിച്ചു.പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേറ്റ ശേഷം എടുത്ത പരിസ്ഥിതി നയപരമായ പല പ്രഖ്യാപനങ്ങളിലും കൃത്യമായ വിവരങ്ങൾ ഇല്ലാത്തതാണ് പരിസ്ഥിതി വകുപ്പിന് ഇതിന്റെ ആഘാതം കൃത്യമായി വിലയിരുത്താൻ തടസ്സമാകുന്നതെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഉപഭോക്തൃ കാർബൺ നികുതി റദ്ദാക്കിയത്‌ കാർണി സർക്കാരിന്റെ പ്രധാന നയമാറ്റമായാണ്‌ വിമർശനങ്ങൾ ഉയരുന്നത്‌. പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിവസം തന്നെ ഈ നികുതി റദ്ദാക്കിയിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർബന്ധിത വിപണന മാനദണ്ഡങ്ങൾ പിൻവലിച്ചതും ഇങ്ങനെയാണ്‌ വിലയിരുത്തപ്പെടുന്നത്‌.

പെട്രോളിയം ഉത്പാദകർക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഉദ്‌വമന പരിധിഒഴിവാക്കാൻ സർക്കാർ തയാറെടുക്കുന്നതിലും വ്യാജ പരിസ്ഥിതി അവകാശവാദങ്ങൾക്കെതിരെയുള്ള നിയമങ്ങൾ റദ്ദാക്കുകയും ഫോസിൽ ഇന്ധന സബ്‌സിഡികൾ വർദ്ധിപ്പിക്കുകയും ചെയ്തതിലും വലിയ എതിർപ്പുണ്ട്‌. സർക്കാരിന്റെ ഈ പുതിയ കാലാവസ്ഥാ നയങ്ങളിൽ പ്രതിഷേധിച്ച് മുൻ ലിബറൽ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് കഴിഞ്ഞ ദിവസം എം.പി സ്ഥാനം രാജിവെച്ചിരുന്നു. പാരീസ് കാലാവസ്ഥാ കരാർ പ്രകാരം 2030-ഓടെ കാനഡ തങ്ങളുടെ ഹരിതഗൃഹ വാതക ഉദ്‌വമനം 2005-ലെ നിലയേക്കാൾ 40 മുതൽ 45 ശതമാനം വരെ കുറയ്ക്കുമെന്ന് കാർണി ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും, അതിനായി എന്ത് പദ്ധതിയാണ് ഉള്ളതെന്ന് വ്യക്തമാക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ കാനഡയ്ക്ക് തങ്ങളുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾ ഒന്നും തന്നെ കൈവരിക്കാൻ കഴിയില്ലെന്ന് കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിയമങ്ങൾ ഒന്നൊന്നായി റദ്ദാക്കുമ്പോൾ അത് ഉദ്‌വമനത്തെ ദോഷകരമായി ബാധിക്കില്ലെന്ന് തെളിയിക്കാനുള്ള യാതൊരു തെളിവുകളും സർക്കാർ പൊതുജനങ്ങൾക്ക് മുന്നിൽ വെച്ചിട്ടില്ലെന്ന് പരിസ്ഥിതി സംഘടനയായ ‘എൻവയോൺമെന്റൽ ഡിഫൻസ്’ കുറ്റപ്പെടുത്തി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!