Saturday, May 30, 2026

”മനുഷ്യർ കൈകാര്യം ചെയ്‌തിരുന്നെങ്കിൽ”ഇമിഗ്രേഷൻ എ.ഐ സംവിധാനം പാളി; അപേക്ഷകൾ കെട്ടിക്കി‌ടക്കുന്നു

ഓട്ടവ: ഇമിഗ്രേഷൻ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ വരുത്തിയ ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും കാനഡയിലെ ഫെഡറൽ കോടതികളിൽ കേസുകൾ കൂ‌ടാൻ കാരണമാകുന്നതായി ഇമിഗ്രേഷൻ അഭിഭാഷകർ. സാങ്കേതികവിദ്യയുടെ അമിത ഉപയോഗം കാരണം വിസ നിരസിക്കൽ അപേക്ഷകളിൽ ഗുണനിലവാരമില്ലാത്ത തീരുമാനങ്ങൾ ഉണ്ടാകുന്നുവെന്നും ഇതാണ് കോടതികളിൽ കേസുകൾ കുതിച്ചുയരാൻ കാരണമെന്നുമാണ് ഇവരുടെ വാദം. എന്നാൽ ഇമിഗ്രേഷൻ വകുപ്പ് (IRCC) ഈ ആരോപണങ്ങൾ നിഷേധിച്ചു. ഫെഡറൽ കോടതിയിലെത്തുന്ന ഇമിഗ്രേഷൻ കേസുകളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 28,000-ത്തിലധികം കേസുകളാണ് കോടതിയിലെത്തിയത്. 2020: ഏകദേശം 6,400 കേസുകൾ, 2021: 9,700 കേസുകൾ, 2025: 28,000-ത്തിലധികം കേസുകൾ, 2026 (ആദ്യ മൂന്ന് മാസം) 6,600-ലധികം കേസുകൾ എന്നിങ്ങനെയാണ്‌ എണ്ണം. കോടതിയിലെത്തുന്ന ആകെ കേസുകളിൽ 86 ശതമാനവും ഇമിഗ്രേഷനുമായി ബന്ധപ്പെട്ടതാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാനഡ ഇമിഗ്രേഷൻ വകുപ്പ് അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാൻ സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കുന്നതായും ഇതുമൂലം ഉദ്യോഗസ്ഥർ ഫയലുകൾ വിശദമായി പരിശോധിക്കുന്നില്ലെന്നും ഓട്ടവയിലെ അഭിഭാഷകയായ ജാക്വലിൻ ബോണിസ്റ്റീൽ പറയുന്നു. മുൻകാലങ്ങളിൽ വിസ നിരസിക്കാനുള്ള കാരണങ്ങൾ കൃത്യമായി വിശദീകരിച്ചിരുന്നുവെങ്കിൽ, ഇപ്പോൾ കമ്പ്യൂട്ടർ നിർമ്മിതമായ പൊതുവായ ചില വരികൾ മാത്രമാണ് മറുപടിയായി ലഭിക്കുന്നത്. അപേക്ഷകർ സമർപ്പിച്ച തെളിവുകൾ ഉദ്യോഗസ്ഥർ ശരിയായി വിലയിരുത്തുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് അവർ കൂട്ടിച്ചേർത്തു. ഫയലുകൾ ലളിതമായി കാണാൻ ഉപയോഗിക്കുന്ന ‘ചിനൂക്ക്’
പോലുള്ള സോഫ്റ്റ്‌വെയറുകൾ അപേക്ഷകളിലെ സൂക്ഷ്മമായ കാര്യങ്ങൾ തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നുവെന്ന് മറ്റ് അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നു. ഇത് ഒടുവിൽ അപേക്ഷകരെ കോടതിയെ സമീപിക്കാൻ നിർബന്ധിതരാക്കുകയാണ്. ഫിലിപ്പീൻസിൽ കുട്ടികളും കുടുംബവുമുള്ള ഒരു സ്ത്രീയുടെ വിസിറ്റർ വിസ നിരസിച്ചത് ‘അവർക്ക് കാനഡയിൽ കുടുംബമുള്ളതിനാൽ തിരിച്ചുപോകില്ല’ എന്ന വിചിത്രമായ കാരണം പറഞ്ഞാണ്. രേഖകൾ ഒരു മനുഷ്യൻ കൃത്യമായി പരിശോധിച്ചിരുന്നുവെങ്കിൽ ഇത്തരം തെറ്റുകൾ സംഭവിക്കില്ലായിരുന്നുവെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു.

എന്നാൽ ഈ ആരോപണങ്ങൾ ഇമിഗ്രേഷൻ മന്ത്രി ലെന ഡിയാബിന്റെ പ്രസ് സെക്രട്ടറി താവൂസ് ഐത് പൂർണ്ണമായും തള്ളി. അപേക്ഷകൾ തരംതിരിക്കാനും സംഗ്രഹങ്ങൾ തയ്യാറാക്കാനും മാത്രമാണ് എ.ഐ ഉപയോഗിക്കുന്നതെന്നും വിസ നിരസിക്കാനുള്ള എല്ലാ തീരുമാനങ്ങളും പൂർണ്ണമായ മനുഷ്യ പരിശോധനയ്ക്ക് ശേഷം ട്രെയിനിംഗ് ലഭിച്ച ഉദ്യോഗസ്ഥർ തന്നെയാണ് എടുക്കുന്നതെന്നും അവർ വ്യക്തമാക്കി. അപേക്ഷകളുടെ എണ്ണത്തിലുണ്ടായ വൻ വർദ്ധനവും ‘2026-2028 ഇമിഗ്രേഷൻ ലെവൽ പ്ലാൻ’ പ്രകാരമുള്ള പരിമിതമായ സീറ്റുകളുമാണ് അപേക്ഷകൾ നിരസിക്കപ്പെടാനും കേസുകൾ കൂടാനും കാരണമെന്നാണ് സർക്കാർ വാദം. കേസുകൾ കുതിച്ചുയരുമ്പോഴും ഇത് കൈകാര്യം ചെയ്യാൻ ഫെഡറൽ കോടതിയിൽ നിലവിൽ 44 ജഡ്ജിമാർ മാത്രമാണുള്ളത്. കേസ് വിസ്താരത്തിനായി ഒന്നര വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അഭിഭാഷകർ പറയുന്നു. ജഡ്ജിമാരുടെ എണ്ണം ഇരട്ടിയാക്കാതെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, അഭയാർത്ഥി അപേക്ഷകൾക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ നിയമം (Bill C-12) വന്നതോടെ വരും ദിവസങ്ങളിൽ കോടതിയിലെ കേസുകളുടെ എണ്ണം ഇനിയും വൻതോതിൽ വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!