Wednesday, June 3, 2026

എസ്ഐപി നിര്‍ത്തുന്നവരുടെ എണ്ണം കൂടുന്നു; വിപണിയില്‍ വന്‍ ചാഞ്ചാട്ടം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ആദായക്കുറവ് ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിപണിയിലെ കടുത്ത അസ്ഥിരത കാരണം മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (SIP) വഴിയുള്ള നിക്ഷേപം പലരും അവസാനിപ്പിക്കുകയാണ്. മ്യൂച്വല്‍ ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ (AMFI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, പുതുതായി ആരംഭിക്കുന്ന എസ്.ഐ.പി അക്കൗണ്ടുകളേക്കാള്‍ വേഗത്തിലാണ് നിലവിലുള്ളവ നിര്‍ത്തലാക്കപ്പെടുന്നത്. വിദേശ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് വ്യാപകമായി പണം പിന്‍വലിക്കുമ്പോഴും ഇന്ത്യന്‍ വിപണിയെ ശക്തമായി താങ്ങിനിര്‍ത്തിയിരുന്നത് ഇത്തരം ആഭ്യന്തര എസ്.ഐ.പി നിക്ഷേപങ്ങളായിരുന്നു എന്നതിനാല്‍, ചെറുകിടക്കാരുടെ ഈ പിന്മാറ്റം അതീവ പ്രാധാന്യത്തോടെയാണ് സാമ്പത്തിക ലോകം വീക്ഷിക്കുന്നത്.

അസോസിയേഷന്‍ പുറത്തുവിട്ട കൃത്യമായ കണക്കുകള്‍ പരിശോധിച്ചാല്‍, കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുതുതായി ആരംഭിച്ച എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 50.7 ലക്ഷമായിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന്, ഇതേ കാലയളവില്‍ നിര്‍ത്തലാക്കപ്പെട്ട അക്കൗണ്ടുകളുടെ എണ്ണം 51.3 ലക്ഷമായി ഉയര്‍ന്നു. 2024 സെപ്റ്റംബര്‍ മാസത്തിന് ശേഷം വിപണിയിലുണ്ടായ കടുത്ത അനിശ്ചിതത്വവും ആഗോള സാമ്പത്തിക പ്രതിസന്ധികളുമാണ് ആഭ്യന്തര നിക്ഷേപകരെ കൂട്ടത്തോടെ അക്കൗണ്ടുകള്‍ പിന്‍വലിക്കാന്‍ പ്രേരിപ്പിച്ചത്. മുന്‍പ് വിപണി റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ച സമയങ്ങളില്‍ വന്‍തോതില്‍ ആളുകള്‍ നിക്ഷേപത്തിലേക്ക് കടന്നുവന്നിരുന്നു. നിലവിലും പുതിയ ആളുകള്‍ വിപണിയിലേക്ക് എത്തുന്നുണ്ടെങ്കിലും, അതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യപ്പെടുന്നത് നിക്ഷേപകരുടെ ആത്മവിശ്വാസക്കുറവിനെയാണ് വ്യക്തമാക്കുന്നത്.

നിക്ഷേപകര്‍ക്കിടയില്‍ അക്കൗണ്ടുകള്‍ അവസാനിപ്പിക്കുന്ന പ്രവണത ശക്തമാണെങ്കിലും വിപണിയെ തകിടം മറിക്കുന്ന രീതിയില്‍ മൊത്തത്തിലുള്ള പണമൊഴുക്കില്‍ (Net Inflow) ഇനിയും വലിയ ഇടിവ് സംഭവിച്ചിട്ടില്ല എന്നത് താല്‍ക്കാലിക ആശ്വാസമേകുന്നുണ്ട്. വലിയ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രതിമാസം ശരാശരി 25,000 കോടി രൂപയ്ക്കും 30,000 കോടി രൂപയ്ക്കും ഇടയില്‍ ഇപ്പോഴും എസ്.ഐ.പി വഴി വിപണിയിലേക്ക് എത്തുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FIIs) വന്‍തോതില്‍ പണം പിന്‍വലിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വലിയ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യന്‍ വിപണിയെ തടഞ്ഞുനിര്‍ത്തുന്നത് ഈ തുകയാണ്. എങ്കിലും വിപണിയിലെ ഈ ചാഞ്ചാട്ടം ഇനിയും നീണ്ടുനിന്നാല്‍ കൂടുതല്‍ നിക്ഷേപകര്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് പിന്മാറിയേക്കാമെന്നും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വിപണിയുടെ ഘടനയെ ദോഷകരമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!