കുവൈറ്റ് സിറ്റി: മിഡില്‍ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, എല്ലാ വിമാന സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കുവൈറ്റ് എയര്‍വേയ്സ് അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. അപ്രതീക്ഷിതമായി നേരിട്ട സുരക്ഷാ പ്രതിസന്ധികള്‍ക്കിടയിലും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായി ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു അടിയന്തര നടപടിയെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും പുതിയ യാത്രാ വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി കുവൈറ്റ് എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും നിരന്തരം പരിശോധിക്കണമെന്നും കമ്പനി നിര്‍ദേശിച്ചു.
പ്രാദേശിക സുരക്ഷാ സ്ഥിതിഗതികള്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. സാഹചര്യം സാധാരണ നിലയിലാകുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വ്യക്തമായ അറിയിപ്പ് പുറപ്പെടുവിക്കുമെന്നും കുവൈറ്റ് എയര്‍വേയ്‌സ് വ്യക്തമാക്കി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലിന് (T1) നേരെ ഇറാന്‍ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. വിമാനത്താവളത്തില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും നിരവധി പേര്‍ക്ക് പരുക്കേറ്റെന്നും കുവൈറ്റ് മിലിട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കുവൈറ്റില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുകയും അവിടെ ലാന്‍ഡ് ചെയ്യാനിരുന്ന മറ്റ് വിമാനങ്ങള്‍ സുരക്ഷിതമായ അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്ന് കുവൈറ്റിലെ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഖഷാം (ക്വിഷം) ദ്വീപിലെ ഇറാന്റെ മിലിട്ടറി കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് കുവൈറ്റിലേയ്ക്കും ബഹ്‌റൈനിലേക്കും ഇറാന്റെ വ്യോമാക്രമണമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഇരുരാജ്യങ്ങളിലേക്കും വന്ന ഇറാന്റെ ഭൂരിഭാഗം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെയും വിജയകരമായി ചെറുക്കാന്‍ കഴിഞ്ഞതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതോടെ അതീവ ജാഗ്രതാ നിര്‍ദേശമാണ് രാജ്യം പുറപ്പെടുവിച്ചിരിക്കുന്നത്. ആകാശത്തുവെച്ച് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിക്കാന്‍ സാധ്യതയുള്ളതിനാല്‍, യാതൊരു കാരണവശാലും ഇവയില്‍ സ്പര്‍ശിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
