Wednesday, June 3, 2026

‘യുഎസ് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈറ്റിനും ബഹ്റൈനും’: ഇറാന്‍

കുവൈറ്റ് സിറ്റി: തങ്ങള്‍ക്കെതിരെ അമേരിക്ക നടത്തിയ സൈനിക ആക്രമണങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം കുവൈറ്റിനും ബഹ്‌റൈനുമാണെന്ന് ഇറാന്‍ ആരോപിച്ചു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ നിലവിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ ധാരണകളുടെ കടുത്ത ലംഘനമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനെതിരായ സൈനിക നടപടികള്‍ക്കായി അമേരിക്ക തങ്ങളുടെ യുദ്ധവിമാനങ്ങള്‍ക്കും മിസൈലുകള്‍ക്കും ബേസുകളൊരുക്കാന്‍ കുവൈറ്റിന്റെയും ബഹ്‌റൈന്റെയും മണ്ണാണ് ഉപയോഗിച്ചതെന്നും ഇറാന്‍ കുറ്റപ്പെടുത്തി. യുഎന്നിന്റെ അന്താരാഷ്ട്ര നിയമപ്രകാരം സ്വയം പ്രതിരോധത്തിനുള്ള പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കുണ്ടെന്നും, തങ്ങളെ ആക്രമിക്കാന്‍ സൗകര്യമൊരുക്കിയ ഉറവിടങ്ങളെ ഇനിയും ലക്ഷ്യം വെയ്ക്കുമെന്നും എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ശക്തമായി പ്രതികരിക്കുമെന്നും ഇറാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

അതേസമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലിന് (T1) നേരെ ഇറാന്‍ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചതായും 56 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ സ്വദേശികളാണ്. വിമാനത്താവളത്തിന് പുറമെ കുവൈറ്റിലെ ചില നയതന്ത്ര മിഷന്‍ ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ തന്ത്രപ്രധാനമായ ക്വിഷം ദ്വീപിന് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെയാണ് കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടി തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിര്‍ദേശം (High Alert) പുറപ്പെടുവിച്ചിട്ടുണ്ട്.

മേഖലയിലെ യുദ്ധസാഹചര്യം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇറാനും അമേരിക്കയും തമ്മില്‍ എത്രയും വേഗം വെടിനിര്‍ത്തലില്‍ എത്തണമെന്ന് ചൈന കര്‍ശനമായി ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ വീണ്ടുമൊരു വന്‍ യുദ്ധമുണ്ടാകുന്നത് ഒരു രാജ്യത്തിനും ഗുണം ചെയ്യില്ലെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി തലത്തില്‍ സമാധാന ചര്‍ച്ചകള്‍ അടിയന്തരമായി പുനരാരംഭിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഗള്‍ഫിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!