മൺട്രിയോൾ: കാനഡയിലെ മൺട്രിയോളിൽ ശക്തമായ കാറ്റിൽ ബൗൺസി കാസിൽ പറന്നുപോയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. ഞായറാഴ്ച വൈകുന്നേരം ലാസാൽ ബറോയിലെ ഒരു കമ്മ്യൂണിറ്റി ആഘോഷത്തിനിടെയായിരുന്നു ദാരുണ സംഭവം. വൈകുന്നേരം 4.30ഓടെ ഔലെറ്റ് പാർക്കിൽ നടന്ന പരിപാടിക്കിടെയാണ് ശക്തമായ കാറ്റിൽ ബൗൺസി കാസിൽ പറന്നുയർന്നത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റ് വീശിയിരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപകടത്തിൽ ആകെ 11 പേർക്ക് പരുക്കേറ്റു. ഇതിൽ ഏഴ് മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടുന്നു. ആറുപേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായി പരുക്കേറ്റ മൂന്ന് വയസ്സുകാരി ചികിത്സയ്ക്കിടെയാണ് മരിച്ചത്.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ കെബെക്ക് കൊറോണർ ഓഫീസ് അപകടത്തിൽ അന്വേഷണം ആരംഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്ന് മൺട്രിയോൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഇത്തരം ഇൻഫ്ലേറ്റബിൾ കളിസ്ഥാപനങ്ങൾ സുരക്ഷിതമായി നിലത്ത് ഉറപ്പിച്ച് സ്ഥാപിക്കണമെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥ മോശമായിരിക്കുമ്പോഴോ ശക്തമായ കാറ്റുള്ള സാഹചര്യങ്ങളിലോ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കരുതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
