കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി എംബസി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പരുക്കേറ്റവർക്ക് അടിയന്തര പിന്തുണ നൽകുന്നതിനായി ബന്ധപ്പെട്ട കുവൈറ്റ് അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും എംബസി വ്യക്തമാക്കി.

വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ 63 പേർക്ക് പരുക്കേറ്റതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവർക്കായി അടിയന്തര ശസ്ത്രക്രിയകളും നടത്തിയതായി അധികൃതർ വ്യക്തമാക്കി. പരുക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന സൂചനയുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
