Wednesday, June 3, 2026

ഫിഫ വേൾഡ് കപ്പ് 2026: ടി.ടി.സി സബ്‌വേയിൽ അറ്റകുറ്റപ്പണി; അടുത്ത ആഴ്ച മുതൽ യാത്രാ നിയന്ത്രണം

ടൊറന്റോ: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ടൊറന്റോ ഒരുങ്ങുന്നതിന് മുന്നോടിയായി നഗരത്തിലെ പ്രധാന പൊതുഗതാഗത ശൃംഖലയായ ടി.ടി.സി (TTC) സബ്‌വേയിൽ വിപുലമായ അറ്റകുറ്റപ്പണികൾ പ്രഖ്യാപിച്ചു. വൈ ഡി ലൈൻ (Yonge-University line) എന്ന് അറിയപ്പെടുന്ന ലൈൻ 1-ൽ അടുത്ത ആഴ്ച മുതൽ വലിയ തോതിലുള്ള യാത്രാ തടസ്സങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകി. സബ്‌വേ നെറ്റ്‌വർക്കിലെ ട്രെയിനുകളുടെ വേഗത കുറയ്‌ക്കേണ്ടി വരുന്ന ‘സ്ലോ സോണുകൾ’ (Slow Zones) പരമാവധി ഒഴിവാക്കി സർവീസ് വേഗത്തിലാക്കുകയാണ് ലക്ഷ്യം.

യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി ജൂൺ 1 മുതൽ ജൂൺ 4 വരെയുള്ള ദിവസങ്ങളിൽ ഷെപ്പേർഡ് വെസ്റ്റ് (Sheppard West), സെന്റ് ജോർജ് (St. George) സ്റ്റേഷനുകൾക്കിടയിലുള്ള സർവീസുകൾ അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് അവസാനിപ്പിക്കും. കൂടാതെ ജൂൺ 7-ന് ഇതേ റൂട്ടിൽ പൂർണ്ണമായി സർവീസ് നിർത്തിവെച്ച് അറ്റകുറ്റപ്പണി നടത്തും. തുടർന്ന് ജൂൺ 8 തിങ്കളാഴ്ച വിൽസൺ (Wilson), ലോറൻസ് വെസ്റ്റ് (Lawrence West) സ്റ്റേഷനുകൾക്കിടയിൽ ഒരൊറ്റ ട്രാക്കിലൂടെ മാത്രമായിരിക്കും ട്രെയിനുകൾ ഇരുവശത്തേക്കും സർവീസ് നടത്തുക.

അന്നേദിവസം ട്രെയിനുകൾ തമ്മിലുള്ള സമയദൈർഘ്യം 25 മിനിറ്റ് വരെ നീളാൻ സാധ്യതയുണ്ടെന്ന് ടി.ടി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മൻദീപ് ലാലി വ്യക്തമാക്കി. തിങ്കളാഴ്ചകളിൽ യാത്രക്കാരുടെ എണ്ണം പൊതുവെ കുറവായതിനാലാണ് കടുത്ത നിയന്ത്രണങ്ങളുള്ള ജോലികൾ അന്നേദിവസത്തേക്ക് മാറ്റിയത്. ഈ വരാനിരിക്കുന്ന വാരാന്ത്യത്തിൽ പണികൾ പൂർത്തിയാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും റോജേഴ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന ബ്രൂണോ മാഴ്സിന്റെ സംഗീത കച്ചേരി കണക്കിലെടുത്ത് മാറ്റം വരുത്തുകയായിരുന്നു.

ജൂൺ 8-ലെ നിയന്ത്രണങ്ങൾ യാത്രാ ക്ലേശത്തിന് കാരണമാകുമെന്നും സാധാരണ വേഗതയിൽ സർവീസ് നടത്താൻ സാധിക്കില്ലെന്നും ടി.ടി.സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഫോർട്ട് മൊണാക്കോയും സ്ഥിരീകരിച്ചു. ജൂൺ 9 ചൊവ്വാഴ്ച പുലർച്ചെ 6 മണിയോടെ മാത്രമേ ഈ റൂട്ടിൽ നിയന്ത്രണങ്ങൾ നീങ്ങി സാധാരണ നിലയിലാവുകയുള്ളൂ.സബ്‌വേ ട്രാക്കുകളിലെ തകരാറുകൾ മൂലം ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരുന്ന ആറ് ‘സ്ലോ സോണുകളിൽ’ നാലെണ്ണം ഈ ജോലികൾ പൂർത്തിയാകുന്നതോടെ ഇല്ലാതാകും.

നിലവിൽ യോർക്ക്ഡേൽ, വിൽസൺ, ഗ്ലെൻകെയ്‌ൻ, ഡ്യൂപോണ്ട്, സെന്റ് ക്ലെയർ വെസ്റ്റ് തുടങ്ങിയ സ്റ്റേഷനുകൾക്കിടയിലുള്ള വേഗതക്കുറവാണ് ഇതോടെ പരിഹരിക്കപ്പെടുക. എഗ്ലിന്റൺ – ഡേവിസ്‌വിൽ, മ്യൂസിയം – സെന്റ് ജോർജ് എന്നീ രണ്ട് മേഖലകളിലെ നിയന്ത്രണങ്ങൾ ഇപ്പോൾ തുടരുമെങ്കിലും ജൂൺ 12-ന് ടൊറന്റോയിൽ നടക്കുന്ന ആദ്യ ലോകകപ്പ് മത്സരത്തിന് മുൻപ് ഇവയും പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ട്രാക്കുകളുടെ ഘടനയും നിലവാരവും പരിശോധിക്കാൻ വർഷത്തിൽ രണ്ടുതവണ നടത്തുന്ന ലേസർ അസിസ്റ്റഡ് ജിയോമെട്രിക് സർവേയിലാണ് ട്രാക്കുകളുടെ ജീർണ്ണാവസ്ഥ കണ്ടെത്തിയത്. ഇതേത്തുടർന്ന് അടുത്ത 10 വർഷത്തെ നവീകരണ പ്രവർത്തനങ്ങൾക്കായി 150 മില്യൺ ഡോളറിന്റെ പുതിയ ഫണ്ടിന് ഏജൻസി അനുമതി തേടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!