ദുബായ്: കടുത്ത വേനല്‍ക്കാലത്തിന് മുന്നോടിയായി എമിറേറ്റിലെ ഡെലിവറി ഡ്രൈവര്‍മാര്‍ക്കായി അത്യാധുനിക രീതിയില്‍ തയാറാക്കിയ എയര്‍കണ്ടീഷന്‍ ചെയ്ത വിശ്രമകേന്ദ്രങ്ങള്‍ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (RTA) പൂര്‍ണ്ണ സജ്ജമാക്കി. എമിറേറ്റില്‍ ഡെലിവറി സേവനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഹെസ്സ സ്ട്രീറ്റ്, അല്‍ ഖവാനീജ്, അല്‍ ബര്‍ഷ, അല്‍ സത്വ, ഊദ് മേത്ത, അല്‍ കറാമ, അര്‍ജാന്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളിലായി ഏകദേശം നാല്‍പ്പതോളം വിശ്രമകേന്ദ്രങ്ങളാണ് ഡ്രൈവര്‍മാര്‍ക്കായി തുറന്നുനല്‍കിയിരിക്കുന്നത്.
ഡെലിവറി ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവര്‍ക്ക് മികച്ചതും ആരോഗ്യകരവുമായ ഒരു തൊഴില്‍ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ ഭരണകൂടം ഈ പദ്ധതി വിഭാവനം ചെയ്തത്. കഠിനമായ വേനല്‍ച്ചൂടില്‍ നിന്ന് ഡ്രൈവര്‍മാര്‍ക്ക് ആശ്വാസം നല്കാന് പ്രത്യേക സംവിധാനങ്ങളോടെയാണ് ഈ വിശ്രമകേന്ദ്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് പതിക്കുന്നത് തടയാന്‍ തക്കവണ്ണമുള്ള പുറംമോടിയും മികച്ച രീതിയിലുള്ള തെര്‍മല്‍ ഇന്‍സുലേഷനും (ചൂട് പ്രതിരോധിക്കാനുള്ള സംവിധാനം) ഇതിന്റെ പ്രത്യേകതയാണ്.

ലഭ്യമായ സൗകര്യങ്ങള്‍ വിലയിരുത്തിയാല്‍ ഒരേ സമയം പത്തുപേര്‍ക്ക് വരെ ഒപ്പമിരുന്ന് വിശ്രമിക്കാന്‍ തക്ക ശേഷി ഓരോ കേന്ദ്രത്തിനുമുണ്ട്. തണുത്ത കുടിവെള്ളത്തിനായി വാട്ടര്‍ ഡിസ്പെന്‍സറുകളും സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജിങ് സ്റ്റേഷനുകളും ഉള്ളില്‍ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, വിശ്രമകേന്ദ്രങ്ങള്‍ക്ക് തൊട്ടടുത്തായി തന്നെ ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യാനുള്ള പ്രത്യേക പാര്‍ക്കിങ് ഇടങ്ങളും ഡ്രൈവര്‍മാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള മറ്റ് അനുബന്ധ സൗകര്യങ്ങളും ആര്.ടി.എ ഇവിടെ ഒരുക്കിയിട്ടുണ്ട്. വഴിയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങള്‍ കുറയ്ക്കാനും ഇത്തരം വിശ്രമകേന്ദ്രങ്ങള്‍ സഹായിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
