Saturday, June 6, 2026

ആല്‍ബര്‍ട്ട കാനഡയുടെ ഭാഗമായി തുടരുമോ?; നിലപാട് വ്യക്തമാക്കാതെ കാബിനറ്റ് മന്ത്രി

കാല്‍ഗറി: കാനഡയില്‍ നിന്നും വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് ആല്‍ബര്‍ട്ട പ്രവിശ്യയില്‍ നടക്കാനിരിക്കുന്ന റഫറണ്ടത്തില്‍ താന്‍ അനുകൂലിച്ചാണോ അതോ എതിര്‍ത്താണോ വോട്ട് ചെയ്യുക എന്ന് വ്യക്തമാക്കാതെ പ്രവിശ്യാ കാബിനറ്റ് മന്ത്രി ഡെവിന്‍ ഡ്രീഷന്‍. എന്നാല്‍ കാനഡയില്‍ തുടരണമെന്ന നിലപാടാണ് തന്റെ കാബിനറ്റിനും പാര്‍ട്ടിക്കുമുള്ളതെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് നിലപാട് ആവര്‍ത്തിച്ചു.

ആല്‍ബെര്‍ട്ടയിലെ പുതിയ പാസഞ്ചര്‍ റെയില്‍ പഠന റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തിനൊപ്പം പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഒക്ടോബര്‍ 19ന് നടക്കുന്ന റഫറണ്ടത്തെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. കാനഡയില്‍ തുടരണമോ അതോ സ്വാതന്ത്ര്യത്തിനായി ഭാവിയില്‍ നിയമപരമായ വോട്ടെടുപ്പ് നടത്തണോ എന്നതിനെക്കുറിച്ചാണ് റഫറണ്ടം. എന്നാല്‍ തന്റെ ഒരു വോട്ട് ഇവിടെ പ്രസക്തമല്ലെന്നായിരുന്നു ഡ്രീഷന്റെ പ്രതികരണം. മാത്രമല്ല, രാജ്യം ഒന്നിച്ചുനിര്‍ത്തേണ്ടത് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും, കാനഡയില്‍ തുടരുന്നത് കൊണ്ട് എന്താണ് പ്രയോജനമെന്ന് ആല്‍ബെര്‍ട്ടയിലെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഓട്ടവയിലെ ഫെഡറല്‍ സര്‍ക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആല്‍ബര്‍ട്ടയെ കാനഡയുടെ ഭാഗമായി നിലനിര്‍ത്താന്‍ വോട്ട് ചെയ്യുമെന്നും അത് തന്റെ കടമയാണെന്നും പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് ആവര്‍ത്തിച്ചു. കാബിനറ്റിലെ മറ്റു പല പ്രമുഖ മന്ത്രിമാരും കാനഡയില്‍ തുടരുന്നതിനെ അനുകൂലിച്ച് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

ആല്‍ബര്‍ട്ടയില്‍ പൊതുവെ വിഘടനവാദത്തിന് പിന്തുണ കുറവാണെങ്കിലും, പ്രധാന നഗരങ്ങളായ കാല്‍ഗറി, എഡ്മണ്ടന്‍ എന്നിവയ്ക്ക് പുറത്തുള്ള ഗ്രാമീണ മേഖലകളില്‍ ഇതിന് അനുകൂലമായ വികാരം ശക്തമാണെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. റഫറണ്ടത്തില്‍ പ്രവിശ്യയിലെ എല്ലാ ജനപ്രതിനിധികളും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷമായ എന്‍ഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!