എഡ്മിന്റന്‍: നഗരങ്ങളും ഫെഡറല്‍ സര്‍ക്കാരും തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ പുതിയ പ്രതിരോധ ടാസ്ക് ഫോഴ്സിന് രൂപം നല്കി ഫെഡറേഷന് ഓഫ് കാനേഡിയന്‍ മുന്‍സിപ്പാലിറ്റീസ് (FCM). എഡ്മിന്റന്‍ കണ്വെന്ഷന് സെന്ററില്‍ വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് എഫ്സിഎം പ്രസിഡന്റും വന്‍കൂവര്‍ സിറ്റി കൗണ്‍സിലറുമായ റെബേക്ക ബ്ലൈ പുതിയ സമിതിയുടെ പ്രഖ്യാപനം നടത്തിയത്.
ലോകം ഇന്ന് വലിയ ഭൗമരാഷ്ട്രീയ മാറ്റങ്ങളെയാണ് അഭിമുഖീകരിക്കുന്നതെന്നും കാനഡയുടെ പ്രതിരോധ നിലപാട് ശക്തമാക്കുക എന്നത് അടിയന്തിരവും യഥാര്‍ത്ഥവുമായ ദേശീയ ലക്ഷ്യമായി മാറിയിരിക്കുകയാണെന്നും റെബേക്ക ബ്ലൈ പറഞ്ഞു. റോയല്‍ കാനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP), ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയ വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന്, പ്രതിരോധ രംഗത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കാന് കഴിയുന്ന പിന്തുണ ഉറപ്പാക്കുകയാണ് ഈ ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കനേഡിയന്‍ സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായി ലിബറല്‍ സര്‍ക്കാര്‍ 81.8 ബില്യണ്‍ ഡോളര്‍ അധികമായി നീക്കിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സമിതി രൂപീകരിക്കാന്‍ എഫ്സിഎം തീരുമാനിച്ചത്. 2035ഓടെ ഫെഡറല്‍ ചെലവുകളുടെ 5 ശതമാനം പ്രതിരോധത്തിനായി നീക്കിവെക്കാന്‍ കാനഡ ലക്ഷ്യമിടുമ്പോള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമാകേണ്ടത് നിര്‍ണായകമാണെന്ന് ബ്ലൈ വ്യക്തമാക്കി. സൈനിക താവളങ്ങള്‍ വികസിക്കുമ്പോള്‍ പ്രാദേശിക അടിസ്ഥാന സൗകര്യങ്ങളിലും നഗര സംവിധാനങ്ങളിലും ഉണ്ടാകുന്ന സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നഗരങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണ്.
ദേശീയ പരമാധികാരത്തിനും ദീര്‍ഘകാല പ്രതിരോധ ശേഷിക്കും നിര്‍ണായകമായ ആര്‍ട്ടിക്, വടക്കന്‍ മേഖലകളോട് ഏറ്റവും അടുത്തുള്ള പ്രധാന നഗരമെന്ന നിലയില്‍ എഡ്മണ്ടന് ഈ പദ്ധതിയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് എഡ്മണ്ടന് മേയര്‍ ആന്‍ഡ്രൂ നാക്ക് പറഞ്ഞു. ഇന്നൊവേഷന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഗവേഷണം, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ് എന്നിവയില്‍ എഡ്മണ്ടന് മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിയിലെ കോമോക്സില്‍ നിന്നുള്ള കൗണ്‍സിലര്‍ വില്‍ കോള്‍-ഹാമില്ട്ടണ്, ഒന്റാറിയോയിലെ കിംഗ്സ്റ്റണില്‍ നിന്നുള്ള കൗണ്‍സിലര്‍ കോണി ഗ്ലെന്‍ എന്നിവരാണ് പുതിയ ടാസ്ക് ഫോഴ്സിന് നേതൃത്വം നല്‍കുന്നത്.
