Sunday, June 7, 2026

“ഇതൊരു ട്രെയിലര്‍ മാത്രം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കും”: സിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധം ഒരു ട്രെയിലര്‍ മാത്രമാണെന്ന് കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ പ്രസ്താവിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഒന്നിച്ച് നിന്നാല്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാരിന് കാണിച്ചുകൊടുക്കാന്‍ സാധിച്ചുവെന്നും, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ നിരവധി ആളുകളാണ് ധീരമായി മുന്നോട്ടുവന്നതെന്നും ദീപ്‌കെ എക്സിലൂടെ (ട്വിറ്റര്‍) പ്രതികരിച്ചു.

ഏകീകൃതവും സമാധാനപരവുമായ ഒരു പ്രസ്ഥാനത്തെ തൊടാന്‍ പോലും സര്‍ക്കാരിന് കഴിയില്ലെന്നും ഈ മുന്നേറ്റം ഇവിടെ അവസാനിക്കുന്നില്ലെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ ഒരു തലമുറയോട് മുഴുവന്‍ തെറ്റ് ചെയ്തിരിക്കുകയാണ്. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയോ അല്ലെങ്കില്‍ അദ്ദേഹം സ്ഥാനമൊഴിയുകയോ വേണമെന്നും, അല്ലാത്തപക്ഷം പ്രതിഷേധം കൂടുതല്‍ ശക്തമായി തുടരുമെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ അടുത്ത ശനിയാഴ്ച ജന്തര്‍ മന്ദറില്‍ വീണ്ടും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പരീക്ഷാ ക്രമക്കേടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജന്തര്‍ മന്ദറില്‍ നടന്ന സിജെപിയുടെ പ്രതിഷേധത്തെ കേന്ദ്രസര്‍ക്കാരും മാധ്യമങ്ങളും പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തതെന്ന് പാര്‍ട്ടി ആരോപിച്ചു. നിലവില്‍ സിജെപിയുടെ തുടര്‍നീക്കങ്ങള്‍ പൊലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളും നിരീക്ഷിച്ചുവരികയാണ്. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!